സ്വകാര്യ ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
കുന്നംകുളത്ത് സ്വകാര്യ ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. മാറഞ്ചേരി സ്വദേശി ഇസ്മായിലിനെയാണ് (46) അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 8.45 ഓടെ കടവല്ലൂരിൽ വച്ചായിരുന്നു സംഭവം. എടപ്പാളിൽ നിന്നും തൃശ്ശൂരിലലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയായിരുന്നു ലൈംഗികാതിക്രമം ഉണ്ടായത്.
ഏതാനും ദിവസം മുമ്പ് നാട്ടുകല്ലിൽ പതിമൂന്ന് വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ട്യൂഷൻ അധ്യാപകന് 30 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. പട്ടാമ്പി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കോട്ടോപ്പാടം സ്വദേശി അൻപത്തിയൊന്നുകാരൻ അബ്ബാസാണ് കേസിലെ പ്രതി.
2021 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിമൂന്നുകാരന് നേരെ ടൂഷൻ ക്ലാസ്സിലെ അധ്യാപകൻ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയിൽ നാട്ടുകൽ എസ് ഐ സിജോ വർഗീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രതി അബ്ബാസിന് 30 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് പട്ടാമ്പി പോക്‌സോ അതിവേഗ കോടതി ജഡ്ജ് സതീഷ്‌കുമാർ വിധിച്ചത്. പിഴത്തുക അതിജീവിതക്ക് കൈമാറാനും കോടതി നിർദേശിച്ചു. കേസിൽ പ്രോസീക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി. നടപടികൾക്ക് ശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി.