മലയാളി കേള്‍വിശീലങ്ങളിലെ വിസ്മയ ശബ്ദ സാന്നിധ്യം; മലയാളത്തിന്റെ ഒരേയൊരു ദാസേട്ടന് ഇന്ന് പിറന്നാള്‍
ഗാനഗന്ധര്‍വന്‍ ഡോ കെ ജെ യേശുദാസിന് ഇന്ന് എണ്‍പത്തിമൂന്നാം പിറന്നാള്‍. കാലത്തെ അതിജീവിച്ച സ്വരമാധുരികൊണ്ട് സംഗീതാസ്വാദകരെ ഇന്നും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കയാണ് മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്‍. എണ്‍പത്തിമൂന്നാം വയസിലും തന്റെ സംഗീതയാത്ര അഭംഗുരം തുടരുകയാണ് ഡോ കെ ജെ യേശുദാസ്.
മലയാള ചലച്ചിത്ര ലോകത്ത് 62 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഡോ. കെ ജെ യേശുദാസ് 1961 ല്‍ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിന് വേണ്ടി പിന്നണി പാടിയാണ് തന്റെ വിസ്മയ സംഗീത സപര്യക്ക് തുടക്കമിടുന്നത്. 1940 ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്. ഈദമ്പതികളുടെ ഏഴ് മക്കളില്‍ രണ്ടാമനായിരുന്നു യേശുദാസ്.
മലയാളികള്‍ക്ക് മാത്രമല്ല, ലോകത്താകമാനമുള്ള പാട്ടാസ്വാദകര്‍ക്ക് ഡോ. കെജെ യേശുദാസ്, വെറുമൊരു പിന്നണി ഗായകന്‍ മാത്രമല്ല. പ്രണയം, വിരഹം, ദു:ഖം, നിരാശ , സന്തോഷം തുടങ്ങി അവരുടെ വികാരങ്ങളുടെ പ്രതിഫലനമാണ് ആ ശബ്ദ സാന്നിധ്യം. സൗമ്യ കാമുക ശബ്ദത്തില്‍ ഓരോ തവണയും യേശുദാസ് പാടുമ്പോള്‍, അതിരില്ലാത്ത പ്രണയം ഗാനങ്ങളില്‍ നിറയുന്നു. തലമുറകളുടെ പ്രേമ വിരഹ ഗായകനായി യേശുദാസ് മാറി. പാട്ടിന്റെ മോഹവലയം തീര്‍ക്കുന്ന ശബ്ദസ്വാധീനം കൊണ്ട് ജാതിമതഭേദമന്യേ, നിരവധി ഭക്തിഗാനങ്ങളിലും യേശുദാസ് ഹിറ്റുകള്‍ സമ്മാനിച്ചു. ദൈവങ്ങളെ ദിവസവും മന്ത്രിച്ചുണര്‍ത്തുന്ന ശബ്ദമായി യേശുദാസ് മാറുകയായിരുന്നു.
ശബ്ദവിന്യാസങ്ങളിലെ ചാരുതയും സ്വരപ്രകമ്പങ്ങളിലെ വൈവിധ്യങ്ങളും പല യേശുദാസുമാരെയാണ് കാലാകാലങ്ങളില്‍ മലയാളിയുടെ കേള്‍വിശീലങ്ങളില്‍ ഉള്‍ക്കൊള്ളിച്ചത്. ഇക്കാലത്തെ ഹിറ്റുചിത്രങ്ങളിലും യൗവനയുക്തമായ ആ ശബ്ദം നാം കേട്ടു.
യേശുദാസ് പാടാത്ത ഇന്ത്യന്‍ ഭാഷകളില്ല. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം 8 തവണ നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്. 2017ല്‍ പത്മവിഭൂഷണ്‍, 2002ല്‍ പത്മഭൂഷണ്‍, 1973ല്‍ പത്മശ്രീ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം യേശുദാസിനെ ആദരിച്ചിട്ടുണ്ട്.