അമേഠിയിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഡിജെ അറസ്റ്റിൽ
ഉത്തർപ്രദേശിലെ അമേഠിയിൽ 15 വയസ്സുള്ള ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി. ദുർഗാപൂജ പന്തലിൽ ഡി.ജെ ആയി എത്തിയ യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു.
ഒക്‌ടോബർ മൂന്നിന് രാത്രി ഒമ്പത് മണിയോടെ മലമൂത്രവിസർജനത്തിനായി വയലിൽ പോയ പെൺകുട്ടിയെ യുവാവ് പീഡിപ്പിക്കുകയായിരുന്നു. ഇരയുടെ വീടിന് മുന്നിൽ ദുർഗാ പൂജ പന്തൽ സ്ഥാപിച്ചിരുന്നതായും, ഇവിടെ ഡി.ജെ നടത്താൻ വന്ന യുവാവാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു.
പിതാവിൻ്റെ പരാതിയിൽ ഡിജെ മോനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷൻ 376 (ബലാത്സംഗം), എസ്‌സി/എസ്ടി അതിക്രമങ്ങൾ തടയൽ നിയമം, പോക്‌സോ നിയമം എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ജാമോ ഏരിയ പൊലീസ് അറിയിച്ചു.