പാദസരം മോഷ്ടിക്കാൻ 100 വയസുള്ള വയോധികയുടെ കാല്പാദം വെട്ടിമാറ്റി
രാജസ്ഥാനിൽ നൂറ് വയസ്സുള്ള വയോധികയോട് കൊടും ക്രൂരത. പാദസരം മോഷ്ടിക്കാൻ വൃദ്ധയുടെ കാല്പാദം വെട്ടിമാറ്റി. ജയ്പൂരിൽ വീടിന് സമീപത്ത് വെച്ചാണ് വൃദ്ധ ആക്രമിക്കപ്പെട്ടത്. വെട്ടാനുപയോഗിച്ച ആയുധങ്ങളും വെട്ടിമാറ്റപ്പെട്ട പാദവും പൊലീസ് കണ്ടെടുത്തു. ഗുരുതരമായി പരുക്കേറ്റ വൃദ്ധ ഇപ്പോൾ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെയാണ് ജയ്പൂരിലെ മീണ കോളനിയിൽ രാവിലെ 5.30ഓടെയാണ് ക്രൂരത അരങ്ങേറിയത്. വയോധിക മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഈ സമയത്താണ് മോഷ്ടാക്കൾ എത്തിയത്. വീടിന് പുറത്ത് ഉള്ള അഴുക്കുചാലിന് സമീപത്ത് വച്ച് ഇവരെ മോഷ്ടാക്കൾ ആക്രമിക്കുകയായിരുന്നു. ഈ അഴുക്കുചാലിന് സമീപം കാൽപ്പാദങ്ങൾ വെട്ടിമാറ്റപ്പെട്ട രീതിയിൽ വയോധിക തളർന്നു കിടക്കുന്നത് കണ്ട അയൽവാസികൾ ഇവരുടെ മകൾ ഉൾപ്പെടെയുള്ളവരെ വിവരം അറിയിച്ചു.
തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും പരിശോധന നടത്തി. പരിശോധനയിൽ വയോധികയുടെ വെട്ടിമാറ്റപ്പെട്ട കാല്പാദങ്ങളും വെട്ടാൻ ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമീപത്തുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.