Wednesday, January 1, 2025
Kerala

അവിടം ഡി കാറ്റഗറിയിൽപ്പെട്ട സ്ഥലമായിരുന്നു: വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ ന്യായീകരണവുമായി പൊലീസ്

 

കൊല്ലം: റോഡരികിലിരുന്ന് കച്ചവടം നടത്തിയ വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇപ്പോഴിതാ നടപടിയില്‍ ന്യായീകരണവുമയി രംഗത്തെത്തിയിരിക്കുകയാണ് പൊലീസ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പൊലീസിന്റെ പ്രതികരണം.

മീന്‍വില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ വസ്തുതാവിരുദ്ധമാണെന്നാണ് പൊലീസ് പറയുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ഡി കാറ്റഗറിയില്‍ ഉൾപ്പെട്ട സ്ഥലത്ത് എല്ലാ കച്ചവടങ്ങള്‍ക്കും ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചുകൊണ്ടു കച്ചവടം നടത്തിയപ്പോള്‍ നടപടിയെടുത്തു എന്നാണ് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. എന്നാല്‍ മീന്‍കുട്ട വലിച്ചെറിഞ്ഞതിനെക്കുറിച്ച് പൊലീസ് വിശദീകരണത്തില്‍ ഒന്നും പറയുന്നില്ല.

പൊലീസിന്റെ വിശദീകരണത്തിന് രൂക്ഷമായ പരിഹാസവും വിമര്‍ശനവുമാണ് ഉയരുന്നത്. നിയമപ്രകാരമാണ് നടപടിയെടുത്തതെങ്കില്‍ മീന്‍ എറിഞ്ഞവര്‍ക്കെതിരെയും നടപടി എടുക്കണമെന്നാണ് കമന്റുകളില്‍ പറയുന്നത്. ഇതുപോലെ ന്യായീകരിക്കാന്‍ ഉളുപ്പുണ്ടോ എന്നു ചോദിക്കുന്നില്ലെന്നും ചിലർ രോഷത്തോടെ കമന്റിട്ടു.

കഴിഞ്ഞ ദിവസമാണ് പാരിപ്പള്ളി പരവൂര്‍ റോഡില്‍ സംഭവം നടന്നത്. അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ മത്സ്യമാണ് പൊലീസ് നശിപ്പിച്ചത്. ഇവരുടെ മീന്‍കുട്ട വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടിക്കെതിരെ വിമർശനം ഉയർന്നത്. മീന്‍വില്‍പ്പനയ്ക്കായി ​പലകയുടെ തട്ടില്‍ വച്ചിരുന്ന മീന്‍ തട്ടോടുകൂടി പൊലീസ് വലിച്ചെറിഞ്ഞെന്നാണ് ഇവര്‍ പറയുന്നത്. രോഗ ബാധിതനായ ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലെ ആറോളം പേരുടെ അന്നമാണ് പൊലീസ് തട്ടിത്തെറുപ്പിച്ചതെന്നും മേരി പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *