ഘോഷയാത്രയ്ക്കിടെ അപകടം; യുപിയിൽ 3 കുട്ടികളടക്കം 5 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു
ഉത്തർപ്രദേശിൽ ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ഞായറാഴ്‌ച രാവിലെയാണ് അപകടം. സംഭവത്തിൽ നാല് പേർക്ക് പരുക്കേറ്റു.
നൻപാറ മേഖലയിലെ മസുപൂർ ഗ്രാമത്തിൽ പുലർച്ചെ 4 മണിയോടെയാണ് സംഭവം. ഘോഷയാത്രയുടെ വണ്ടിയിൽ ഘടിപ്പിച്ചിരുന്ന ഇരുമ്പ് വടി വൈദ്യുത കമ്പിയിൽ തട്ടിയാണ് അപകടമുണ്ടായത്. വണ്ടിയിൽ ഉണ്ടായിരുന്ന 9 പേർക്ക് വൈദ്യുതാഘാതമേറ്റു.
മൂന്ന് കുട്ടികളടക്കം നാല് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി. ഗുരുതരമായി പൊള്ളലേറ്റ മറ്റ് നാല് പേരെ ബഹ്‌റൈച്ച് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തി ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.