Wednesday, April 16, 2025
National

ആദിവാസി സഹോദരങ്ങളെ ബന്ദികളാക്കി ക്രൂരമായി മർദ്ദിച്ചു; മധ്യപ്രദേശിൽ മൂന്ന് പേർ അറസ്റ്റിൽ

മധ്യപ്രദേശിൽ ആദിവാസി സഹോദരങ്ങൾക്ക് ക്രൂര മർദനം. 18ഉം 15ഉം വയസ്സുള്ള ആദിവാസി സഹോദരങ്ങളെയാണ് ബന്ദികളാക്കി മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് കേസെടുത്ത് മൂന്നുപേരെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിൽ ബിജെപി പ്രവർത്തകൻ ആദിവാസിയുടെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെയാണിത്.

ഇൻഡോറിലെ റാവു പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സഹോദരങ്ങൾ ബൈക്കിൽ സഞ്ചരിക്കുമ്പോൾ വാഹനം ചെളിയിൽ തെന്നി ഇരുവരും റോഡിൽ വീഴുകയായിരുന്നു. ഇതേച്ചൊല്ലി പിന്നാലെ വന്നവർ സഹോദരങ്ങളുമായി തർക്കത്തിൽ ഏർപ്പെട്ടു. തർക്കം രൂക്ഷമായതോടെ ഇവരെ ഒരു സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ കൊണ്ടുപോയി ബന്ദികളാക്കി മർദ്ദിക്കുകയായിരുന്നുവെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആദിത്യ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

മർദ്ദനത്തിൽ പരിക്കേറ്റ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം, പട്ടികജാതി-വർഗ അതിക്രമങ്ങൾ തടയൽ നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം കേസെടുത്തതായി ഡിസിപി കൂട്ടിച്ചേർത്തു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പുറത്തുവന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ മറ്റ് ആളുകൾക്ക് ഇതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *