ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം, പ്രധാനമന്ത്രി മൗനം വെടിയണമെന്ന് ബസേലിയോസ് മാർ ക്ലിമീസ് ബാവ
തിരുവനന്തപുരം: മണിപ്പൂർ സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെസിബിസി ചെയർമാൻ ബസേലിയോസ് മാർ ക്ലിമിസ് ബാവ. ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹമാണ്. കലാപം അവസാനിപ്പിക്കാൻ വൈകുന്നത് എന്താണ്? വിഷയത്തിൽ ഭരണകൂടം മൗനം പാലിക്കുന്നു. പ്രധാനമന്ത്രി മൗനം വെടിയണം. മണിപ്പൂർ വിഷയത്തിൽ ഇടപെടണം. ജനാധിപത്യം പുലരുന്നുവെന്ന് ലോകത്തിന് മുന്നിൽ വ്യക്തമാക്കണം. ഭരണഘടനയിൽ മതേതരത്വം എഴുതി വെക്കപ്പെട്ടത് ആലങ്കാരികമായല്ല ക്ലിമീസ് ബാവ കൂട്ടിച്ചേർത്തു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ മാത്യു കുഴൽ നാടൻ എംഎൽഎയുടെ ഉപവാസ വേദിയിയിലാണ് വിമർശനം.
മണിപ്പൂർ കലാപം ഒരു വിഭാഗത്തെ ഇല്ലാതാക്കാൻ കരുതിക്കൂട്ടി ചെയ്തതാണെന്ന് താമരശ്ശേരി ബിഷപ് റമജിയൂസ് ഇഞ്ചനാനിയിൽ. തിരക്കഥ തയ്യാറാക്കിയാണ് ആക്രമണം നടത്തിയതെന്നും ബിഷപ് ആരോപിച്ചു. ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നു. ഇന്ന് മണിപ്പൂരെങ്കിൽ നാളെ കേരളം ആണ് എന്ന് ഭീതിയുണ്ട്. ഒരുമിച്ച് നിന്ന് ഇതിനെതിരെ പോരാടണമെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു.
ഇപ്പോഴത്തെ കലാപത്തിന് പിന്നിൽ ബിജെപിക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാണെന്നും അതിൽ കൃത്യമായ അന്വേഷണം വേണമെന്നും മണിപ്പൂരിലെ മുൻ സമരനായിക ഇറോം ഷർമിള ആവശ്യപ്പെട്ടു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയുടെ സന്ദർശനത്തിന് പിന്നാലെയാണ് സ്ഥിതി വഷളായതെന്ന ആരോപണമുണ്ട്. ഇതിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. കേന്ദ്രസർക്കാർ ഇതിൽ വേർതിരിവുകളില്ലാതെ ഇടപെടണമെന്നും ഇറോം ഷർമിള ആവശ്യപ്പെട്ടു.
മെയ്തെയ് വിഭാഗത്തിന്‍റെ സംവരണകാര്യത്തിൽ തീരുമാനമെടുക്കാൻ ഉത്തരവിട്ട മണിപ്പൂർ ചീഫ് ജസ്റ്റിസിന് സംസ്ഥാനത്തെ സ്ഥിതിയറിയില്ല. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എം വി മുരളീധരൻ പുറത്ത് നിന്നുള്ളയാളാണ്. പക്ഷേ മുഖ്യമന്ത്രി ബിരേൻ സിംഗിന് സ്ഥിതിഗതികളെക്കുറിച്ച് ധാരണയുണ്ടല്ലോ. അദ്ദേഹം മെയ്തെയ് വിഭാഗക്കാരനായി മാത്രം നിലകൊള്ളരുത്, എല്ലാ വിഭാഗങ്ങളുടെയും മുഖ്യമന്ത്രിയാകണമെന്നും ഇറോം ഷർമിള പറഞ്ഞു. കലാപം നിയന്ത്രിക്കുന്നതിൽ ബിരേൻ സിംഗ് കാഴ്ചക്കാരനാകരുത്, വേർതിരിവ് കാണിക്കരുതെന്നും ഇറോം ഷർമിള ആവശ്യപ്പെട്ടു.