Tuesday, April 15, 2025
National

തെക്കും ഇറങ്ങുമോ മോദി?; തമിഴ്നാട്ടിൽ നിന്ന് മോദി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാവുന്നു

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്ന് നരേന്ദ്ര മോദി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. കന്യാകുമാരിയോ കോയമ്പത്തൂരോ മോദി മത്സരിക്കുമെന്നാണ് പ്രചാരണം. കോയമ്പത്തൂരിൽ കഴിഞ്ഞ തവണ ജയിച്ചത് സിപിഎം ആണ്. ഭൂരിപക്ഷം 1,79,143 വോട്ട് കന്യാകുമാരിയിൽ കഴിഞ്ഞ തവണ ജയിച്ചത് കോൺഗ്രസ് ആയിരുന്നു. 1,37,950 വോട്ടായിരുന്നു ഭൂരിപക്ഷം. തമിഴ്നാട്ടിൽ മോദി മത്സരിക്കുമോ എന്ന കാര്യത്തിൽ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിൽ നിന്നും ബിജെപിയുടെ താഴെ തട്ടിലും യാതൊരു തരത്തിലുള്ള സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

ആറുമാസങ്ങൾക്ക് മുമ്പാണ് പ്രചാരണത്തിനടിസ്ഥാനമായ പരാമർശം ഉണ്ടാവുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ഇത് സംബന്ധിച്ചൊരു സൂചന നൽകിയിരുന്നു. രാമനാഥ പുരത്ത് നരേന്ദ്രമോദി മത്സരിക്കാൻ സാധ്യതയുണ്ട് എന്ന പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു. പക്ഷേ രാമേശ്വരം അടങ്ങുന്ന രാമനാഥപുരത്ത് ബിജെപിക്ക് വലിയ രീതിയിൽ വേരോട്ടമില്ല. അതുകൊണ്ട് തന്നെ മറ്റു രണ്ട് മണ്ഡലങ്ങളായ കന്യാകുമാരിയും കോയമ്പത്തൂരും പരി​ഗണിക്കുന്നു എന്ന് പ്രധാനപ്പെട്ട ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതാണ് മോദി തമിഴ്നാട്ടിലേക്കെന്ന അഭ്യൂഹം ശക്തമാവാൻ കാരണം.

വടക്കേ ഇന്ത്യയിൽ നിന്ന് ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച സീറ്റുകൾ ലഭിക്കാൻ സാധ്യതയില്ല. അതിനാൽ തെക്ക് സംസ്ഥാനങ്ങളിൽ നിന്ന് 130സീറ്റുകളിൽ മെച്ചപ്പെട്ട പ്രകടനം നടത്തേണ്ടതുണ്ട്. അതിന് 39 ലോക്സഭാ സീറ്റുകളുള്ള തമിഴ്നാട്ടിൽ മോദി മത്സരിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്ക്കൂട്ടൽ. കാശി-കന്യാകുമാരി സം​ഗമം, ചെങ്കോൽ ദില്ലിയിലെത്തിച്ച് പാർലമെന്റിൽ സ്ഥാപിച്ചത് തുടങ്ങി തമിഴ്നാടിന് ശ്രദ്ധ നൽകുന്ന നിരവധി പദ്ധതികൾ മോദി സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടാവുന്നുണ്ട്. ഇന്നലെ തന്നെ മൂന്ന് കേന്ദ്രമന്ത്രിമാർ തമിഴ്നാട്ടിൽ ഉണ്ടായിരുന്നു. ലോക്സഭാ തെര‍ഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടക്കുന്ന ജെല്ലിക്കെട്ടിൽ മോദി പങ്കെടുക്കുമെന്ന് മോദി പങ്കെടുക്കുമെന്ന് പറയുന്നു. ഇങ്ങനെ തമിഴ്നാട് കേന്ദ്രീകരിച്ച് വലിയ ശ്രദ്ധയാണ് ബിജെപി കേന്ദ്രം നൽകുന്നത്. ഇത് മോദി മത്സരിച്ചാൽ ​ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

കന്യാകുമാരിയിൽ നേരത്തെ ബിജെപി സ്ഥാനാർത്ഥി പൊൻരാധാകൃഷ്ണൻ വിജയിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ ബിജെപിക്ക് നാലുലക്ഷത്തോളം വോട്ടുകൾ നേടാൻ കഴിയുന്ന മണ്ഡലമാണ്. അതുകൊണ്ടുതന്നെയാണ് ഈ മണ്ഡലങ്ങൾ ചർച്ചയിലേക്ക് വരുന്നത്. അതേസമയം, തമിഴ്നാട്ടിൽ ബിജെപിയും എഐഎഡിഎംകെയും തമ്മിലുള്ള ബന്ധം മോശമാണ്. ഇത് തിരിച്ചടിയാവുമോ എന്ന കാര്യവും പരിശോധനയിലാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ​ഗോദയിലെ അപ്രതീക്ഷിത നീക്കം വരും ദിവസങ്ങളിൽ കാണാം.

­

Leave a Reply

Your email address will not be published. Required fields are marked *