Saturday, April 12, 2025
National

‘ആത്മീയ സൗഖ്യം തേടി പരിചയപ്പെട്ടു’; ഫേസ്ബുക്ക് പെണ്‍സുഹൃത്ത് 47 ലക്ഷം പറ്റിച്ചതായി മഠാധിപ

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതി 47 ലക്ഷം രൂപ തട്ടിയെടുത്തതായി മഠാധിപതിയുടെ പരാതി. കർണാടകയിലെ ബെംഗളൂരു റൂറൽ ജില്ലയിൽ നെലമംഗല താലൂക്കിലെ മഠാധിപതി ചെന്നവീര ശിവാചാര്യ സ്വാമിയാണ് ദാബാസ്പേട്ട് പൊലീസിൽ പരാതി നൽകിയത്. ഇദ്ദേഹം നൽകിയ പരാതിയിലെ എഫ്‌ഐആർ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

വര്‍ഷ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ മഞ്ജുള എന്ന യുവതി വഞ്ചിച്ചെന്നാണ് ചെന്നവീര ശിവാചാര്യ സ്വാമി പരാതിയില്‍ പറയുന്നത്. 2020ലാണ് യുവതിയും സ്വാമിയും പരിചയപ്പെട്ടത്. ഇരുവരും മൊബൈല്‍ നമ്പറുകള്‍ പരസ്പരം കൈമാറി.

ആത്മീയ സൗഖ്യം തേടിയാണ് യുവതി പരിചയപ്പെട്ടതെന്നാണ് മഠാധിപതി പറയുന്നത്. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയാണെന്നും മാതാപിതാക്കള്‍ മരണപ്പെട്ടതാണെന്നും യുവതി മഠാധിപതിയെ ധരിപ്പിച്ചു. ഇരുവരും നിരവധി തവണ വിഡിയോ കോളുകള്‍ ചെയ്തിരുന്നുവെങ്കിലും യുവതി തന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയോ മുഖം കാണിക്കുകയോ ചെയ്തിരുന്നില്ല.

വിദ്യാഭ്യാസത്തിന് പണമാവശ്യപ്പെട്ട് 10 ലക്ഷം രൂപ, ആശുപത്രി ആവശ്യത്തിന് 37 ലക്ഷം രൂപയും യുവതി ആവശ്യപ്പെട്ടു. ഈ തുകയും ചെന്നവീര ശിവാചാര്യ സ്വാമി മഞ്ജുളയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു.യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ചെന്നവീര ശിവാചാര്യ സ്വാമി തന്റെ സുഹൃത്തുക്കളെ മത്തികെരെ ആശുപത്രിയില്‍ അയച്ചപ്പോള്‍ വര്‍ഷ എന്ന പേരില്‍ ഒരു രോഗി അവിടെ ഇല്ലെന്നറിഞ്ഞു. തട്ടിപ്പ് മനസിലാക്കിയ ഇദ്ദേഹം മഞ്ജുളയെ വിളിച്ച് പണം തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ഏപ്രിലില്‍ മഞ്ജുള ഉള്‍പ്പെടെ ഏഴ് പേര്‍ മഠത്തിലെത്തി ചെന്നവീര ശിവാചാര്യ സ്വാമിയെ ഭീഷണിപ്പെടുത്തി. വര്‍ഷയുടെ ചികിത്സയ്ക്കായി പലരില്‍ നിന്നായി 55 ലക്ഷം രൂപ കടംവാങ്ങിയെന്നും പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണി ഉയര്‍ത്തി. തുടര്‍ന്ന്, സ്വാമിയെ ഭീഷണിപ്പെടുത്തി മാപ്പുപറയിക്കുകയും ഫോണില്‍ വിഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *