Saturday, January 4, 2025
Kerala

ഭാര്യയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി, ഭർത്താവിനെ ഭീഷണിപ്പെടുത്തി 5 ലക്ഷം തട്ടിയെടുത്തു; ഹോമിയോ മരുന്നുകട ഉടമ അറസ്റ്റിൽ

കൊച്ചി:ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഭർത്താവിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഹോമിയോ മരുന്നുകട ഉടമ അറസ്റ്റിൽ. ഇടപ്പള്ളി ടോളിൽ ഹോമിയോ സോൺ–1 എന്ന സ്ഥപാനം നടത്തുന്ന ഇടപ്പള്ളി നോർത്ത് താമരശ്ശേരി വീട്ടിൽ ടി.എൻ.നവാസ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ് 10നു യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

യുവതി 2014ൽ നഗരത്തിൽ ജോലി ചെയ്യുമ്പോഴാണ് നവാസിനെ പരിചയപ്പെട്ടത്. 2021 ഫെബ്രുവരിയിലാണു നവാസ് ഇടപ്പള്ളി ടോളിൽ ഹോമിയോ സോൺ–1 എന്ന സ്ഥാപനം ആരംഭിച്ചത്. നവാസിനു ഹോമിയോ മരുന്നുകളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. നവാസിനു ഷോപ് തുടങ്ങാനുള്ള സഹായം നൽകിയത് യുവതിയാണ്.

ഇടപ്പള്ളിയിലെ തന്റെ ഹോമിയോ ഷോപ്പിൽ സ്റ്റോക്കെടുപ്പിനെന്നു പറഞ്ഞ്  2021 മാർച്ചിൽ യുവതിയെ വിളിച്ചു വരുത്തി. അവിടെ വച്ച് നവാസ് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ചു പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പീഡനം നിരന്തരം തുടർന്നു. പിന്നീട് വഴങ്ങാതെ വന്നപ്പോൾ മർദ്ദിച്ചു. ഭർത്താവിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. നിവർത്തിയില്ലാതെ അഞ്ച് ലക്ഷം രൂപ നൽകി.

വായ്പയെടുത്താണ് ഭർത്താവ് അഞ്ച് ലക്ഷം രൂപ നൽകിയത്. ബാക്കി പണം നൽകാതിരുന്നപ്പോൾ ബന്ധുക്കളെയും കൂട്ടുകാരെയും വിളിച്ച് തന്നെ അപകീർത്തിപ്പെടുത്തുകയും തന്റെ സ്ഥാപനത്തിനെതിരെ ഉന്നതങ്ങളിൽ വ്യാജ പരാതി നൽകി ദ്രോഹിച്ചതായും യുവതി വെളിപ്പെടുത്തുന്നു. ഇപ്പോൾ പുറത്തിറങ്ങി നടക്കാൻ പോലും ഭയമാണെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇതിനിടെ നവാസിനു വേണ്ടി മധ്യസ്ഥ ചർച്ചക്കു വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് മുൻ ഭാരവാഹി ശ്രമിച്ചു എന്നും യുവതി വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *