Wednesday, April 16, 2025
National

‘നിങ്ങളുടെ സ്വപ്നം, എന്റെ സ്വപ്നം…’; കർണാടകയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ കത്ത്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, സംസ്ഥാനത്തെ ജനങ്ങൾക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകത്തിലെ ഓരോ പൗരന്റെയും സ്വപ്നം തൻ്റെ സ്വപ്നമാണ്. രാജ്യത്തിന്റെ പുരോഗതി കർണാടകയുടെ പുരോഗതിയെ ആശ്രയിച്ചിരിക്കുന്നു എന്നുപറഞ്ഞ അദ്ദേഹം കർണാടകത്തോടും ജനങ്ങളോടുമുള്ള ബിജെപിയുടെ പ്രതിബദ്ധതയും കത്തിൽ എടുത്ത് പറയുന്നുണ്ട്.

“നിങ്ങളുടെ സ്നേഹ വാത്സല്യങ്ങൾ എപ്പോഴും എന്നിൽ ചൊരിഞ്ഞിട്ടുണ്ട്. ഇത് ഒരു ദൈവാനുഗ്രഹമായി കാണുന്നു, ‘ആസാദി കാ അമൃത് കാലിൽ’, രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനാണ് ഇന്ത്യക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. ഞങ്ങളുടെ അടുത്ത ലക്ഷ്യം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടുക എന്നതാണ്. ഈ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ കർണാടകത്തിന് താൽപര്യമുണ്ടെന്നറിയുന്നു. കർണാടക അതിവേഗം വളരുകയും ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുകയും ചെയ്താൽ മാത്രമേ ഇത് സാധ്യമാകൂ.”

“കൊവിഡ് സമയത്ത്, ബിജെപി ഭരണത്തിന് കീഴിൽ കർണാടകയ്ക്ക് പ്രതിവർഷം 90,000 കോടി രൂപ വിദേശ നിക്ഷേപമായി ലഭിച്ചു. മുൻ സർക്കാരിൽ ഈ തുക 30,000 കോടി രൂപ മാത്രമായിരുന്നു. നിക്ഷേപം, വ്യവസായം, വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം എന്നിവയിൽ കർണാടകയെ ഒന്നാം സ്ഥാനത്തെത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കർണാടകയിൽ അത്യാധുനിക നഗര അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാൻ ബിജെപി സർക്കാർ തുടർന്നും പ്രവർത്തിക്കും.”- മോദി കുറിച്ചു.

ഗതാഗത സംവിധാനം നവീകരിക്കുക, ഗ്രാമ-നഗര മേഖലകളിലെ ജീവിത നിലവാരം ഉയർത്തുക, സ്ത്രീകൾക്കും യുവാക്കൾക്കും അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയിലും ബി.ജെ.പി സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കും. കർണാടകയിലെ ഓരോ പൗരന്റെയും സ്വപ്‌നമാണ് എന്റെ സ്വപ്‌നമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തിൽ കുറിച്ചു. നേരത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശനിയാഴ്ച പ്രധാനമന്ത്രി ബെംഗളൂരുവിൽ 26 കിലോമീറ്റർ റോഡ് ഷോ നടത്തിയിരുന്നു.

224 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് മെയ് 10ന് ഒറ്റഘട്ടമായി നടക്കും. മെയ് 13 ശനിയാഴ്ച ഫലം പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *