Wednesday, April 16, 2025
National

‘എന്റെ ശവക്കുഴിയാണ് കോൺഗ്രസ് സ്വപ്നം കാണുന്നത്, ഞാൻ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന തിരക്കിലും’; പ്രധാനമന്ത്രി

കോൺഗ്രസ് തൻ്റെ ശവക്കുഴി തോണ്ടുന്ന സ്വപ്നം കാണുകയാണെന്നും താൻ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള തിരക്കിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഭരണകാലത്ത് ആനുകൂല്യങ്ങൾ ലഭിക്കാൻ പാവപ്പെട്ടവർക്ക് വീടുവീടാന്തരം അലയേണ്ടി വന്നിരുന്നു. ബിജെപി ഭരണത്തിൽ ആളുകൾക്ക് വീട്ടിൽ ഇരുന്നുതന്നെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ബാംഗ്ലൂർ-മൈസൂർ എക്‌സ്പ്രസ് വേ രാജ്യത്തിന് സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിനാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. നല്ല അടിസ്ഥാന സൗകര്യങ്ങൾ ജീവിത സൗകര്യം വർദ്ധിപ്പിക്കുന്നു. പുരോഗതിക്കുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.’ഭാരത്മാല’, ‘സാഗർമാല’ തുടങ്ങിയ സംരംഭങ്ങൾ ഇന്ത്യയുടെ ഭൂപ്രകൃതിയെ മാറ്റിമറിക്കുന്നു. ഇന്ത്യ മാറുന്നു, കർണാടക മാറുന്നു. കർണാടകയിലെ ഇരട്ട എൻജിൻ സർക്കാരിനു കീഴിൽ കർഷകർക്ക് ഇരട്ടി നേട്ടമാണ് ലഭിക്കുന്നത്.

കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം പാവപ്പെട്ടവരെ കൊള്ളയടിച്ചു. പാവപ്പെട്ടവരുടെ വേദന അവർക്ക് പ്രശ്നമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാണ്ഡ്യയിൽ റോഡ് ഷോ നടത്തിയിരുന്നു. 118 കിലോമീറ്റർ ദൈർഘ്യമുള്ള ബാംഗ്ലൂർ-മൈസൂർ എക്‌സ്‌പ്രസ് വേ ഏകദേശം 8,480 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാ സമയം ഏകദേശം 3 മണിക്കൂറിൽ നിന്ന് 75 മിനിറ്റായി കുറയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *