Tuesday, April 15, 2025
National

ചില സംസ്ഥാനങ്ങളില്‍ മൂന്നാംതരംഗം തുടങ്ങിയെന്ന് സൂചന, കൊവിഡ് കേസുകള്‍ കൂടുന്നു: ഐസിഎംആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാംതരംഗത്തിന്റെ ആദ്യസൂചനകള്‍ കണ്ടുതുടങ്ങിയെന്ന് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്. കൊവിഡ് രോഗികളുടെ എണ്ണം ചില സംസ്ഥാനങ്ങളില്‍ കൂടുന്നത് മൂന്നാം തരംഗം ഉണ്ടാവുന്നതിന്റെ ആദ്യ സൂചനയാണെന്ന് ഐ.സി.എം.ആര്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. സമീരന്‍ പാണ്ഡെ വ്യക്തമാക്കി.

ഉത്സവ കാലങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുകയും ആള്‍ക്കൂട്ടം ഉണ്ടാവുകയും ചെയ്താല്‍ സൂപ്പര്‍ സ്പ്രെഡ് ഉണ്ടാവുമെന്നും പാണ്ഡെ പറഞ്ഞു. രണ്ടാം തരംഗം രൂക്ഷമല്ലാത്ത സംസ്ഥാനങ്ങള്‍ പ്രതിരോധ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

കേരളത്തിലും മിസോറാമിലുമാണ് കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.  രോഗബാധിതര്‍ രോഗം വരാന്‍ സാദ്ധ്യതയുള്ളവരുമായി സമ്പര്‍ക്കമുണ്ടാകുന്നത് കേരളത്തില്‍ കൂടുതലാണ്. രോഗവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളമെന്നും പാണ്ഡെ പറഞ്ഞു. ആറിനും 17 വയസിനുമിടയിലുള്ള കുട്ടികളില്‍ 50 ശതമാനവും രോഗം വന്നുപോയവരാണെന്ന് സിറോ പ്രിവലന്‍സ് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്, ഈ പ്രായത്തിനുള്ളിലുള്ളവരുടെ വാക്സിനേഷനായി ധൃതി കാണിക്കേണ്ടെന്നും അദ്ധ്യാപകരുള്‍പ്പടെയുള്ള ജീവനക്കാര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *