Tuesday, April 15, 2025
National

ഇനി സച്ചിൻ പൈലറ്റിൻ്റെ ഊഴം ; കോൺഗ്രസിന് തലവേദനയായി സച്ചിൻ്റെ സത്യഗ്രഹം

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. സര്‍ക്കാരിനെതിരെ മറ്റന്നാള്‍ ഏകദിന ഉപവാസം നടത്തുമെന്നാണ് സച്ചിന്‍ പൈലറ്റിന്റെ പ്രഖ്യാപനം. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ജനങ്ങള്‍ നിരാശരെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. അഴിമതി തടയണമെന്ന ആവശ്യത്തോട് ഗെഹ്ലോട്ടും നേതൃത്വും പ്രതികരിച്ചില്ല. സാമൂഹിക നീതി ഉറപ്പാക്കുന്നതില്‍ ഗെഹ്ലോട്ട് ഭരണം പരാജയപ്പെട്ടെന്നും സച്ചിന്‍ പൈലറ്റ് ആരോപിച്ചു.

വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ഗെഹ്‌ലോട്ട് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങളില്‍ പാലിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കണം. എക്‌സൈസ് മാഫിയ, അനധികൃത ഖനനം, ഭൂമി കയ്യേറ്റം എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പൈലറ്റ് ആഞ്ഞടിച്ചു.

ആരോപണങ്ങള്‍ക്ക് പുറമേ അഴിമതിയും ദുര്‍ഭരണവും ആരോപിച്ച് ഗെഹ്ലോട്ടിന്റെ പഴയ വീഡിയോകളും സച്ചിന്‍ പൈലറ്റ് പുറത്തിറക്കി. മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതികളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്നും എന്നാല്‍ അതിലൊന്നും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *