കടുവാ സങ്കേതത്തിനുള്ളിൽ മൃഗശാലകൾ നിർമ്മിക്കുന്നതിനെതിരെ സുപ്രീം കോടതി
കടുവാ സങ്കേതത്തിനുള്ളിൽ മൃഗശാലകൾ നിർമ്മിക്കുന്നതിനെതിരെ സുപ്രീം കോടതി രംഗത്തെത്തി. ജിം കോർബറ്റ് ദേശീയ പാർക്കിൽ ഉത്തരാഖണ്ഡ് സർക്കാർ തുടങ്ങിയ നിർമ്മാണ പ്രപർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദേശം. ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയ്ക്കുള്ളിലെ നിർമ്മാണം നിർത്തിവയ്ക്കണം എന്ന സുപ്രീംകോടതി ആവശ്യപ്പെട്ടു.
കടുവാ സങ്കേതങ്ങളിലും വന്യജീവി സങ്കേതങ്ങളിലും മൃഗശാലകളും സഫാരികളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രിം കോടതി സമിതിയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചാണ് നടപടി. വിഷയവുമായി ബന്ധപ്പെട്ട് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനും ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
കടുവ സങ്കേതങ്ങളിൽ വിവിധ അനധികൃത നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ടെന്ന് കോടതി അറിയിച്ചു. പ്രഥമദൃഷ്ട്യാ, കടുവ സംരക്ഷണ കേന്ദ്രങ്ങളിലോ ദേശീയ പാർക്കുകളിലോ ഒരു മൃഗശാല ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത ഇല്ല. മൃഗങ്ങളെ അവയുടെ സ്വാഭാവിക ചുറ്റുപാടുകളിൽ താമസിക്കാൻ അനുവദിക്കുക എന്നതാണ് സഫാരികളുടെ ലക്ഷ്യമെന്നും അല്ലാതെ കൃത്രിമ ചുറ്റുപാടുകളല്ല എന്ന കോടതി വ്യക്തമാക്കി. കടുവ സംരക്ഷണ കേന്ദ്രങ്ങളിലും ദേശീയ ഉദ്യാനങ്ങളിലും ഇത്തരം സഫാരികൾ അനുവദിക്കുന്നതിന് പിന്നിൽ യുക്തി ഇല്ല.
ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, കടുവാ സങ്കേതങ്ങൾ എന്നിവയുടെ പ്രധാന മേഖലകളിൽ എന്തെങ്കിലും നിർമ്മാണങ്ങൾ നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തുമെന്നും കോടതി വ്യക്തമാക്കി.