കേന്ദ്രനിര്‍ദേശം തള്ളി; തിയറ്ററുകളില്‍ 100 ശതമാനം ആളെ കയറ്റും
കൊല്‍ക്കത്ത: കേന്ദ്രനിര്‍ദേശം തള്ളിക്കളഞ്ഞ് മമതാ ബാനര്‍ജി, തിയറ്ററുകളില്‍ 100 ശതമാനം ആളെ കയറ്റുമെന്ന് വെല്ലുവിളി. സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. 50 ശതമാനം സീറ്റുകളില്‍ മാത്രമെ ആളെ അനുവദിക്കാവു എന്ന കേന്ദ്ര ഉത്തരവ് നിലനില്‍ക്കുന്നതിനിടെയാണ് മമതയുടെ പുതിയ നീക്കം. കൊല്‍ക്കത്ത രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമതാ ബാനർജി.
നിലവില്‍ മഹാമാരി കാരണം സിനിമാ ഹാളുകളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശന അനുമതിയുള്ളൂ. 100% സീറ്റുകള്‍ കൈവരിക്കുന്നതിനായി ഒരു അറിയിപ്പ് കൊണ്ടുവരാന്‍ ഞാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുമെന്ന് മമതാ ബാനര്‍ജി പറഞ്ഞു.
ആളുകള്‍ മാസ്‌കുകള്‍ ധരിക്കുകയും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് തിയേറ്റര്‍ ഉടമകള്‍ ഉറപ്പുവരുത്തണം. ഓരോ ഷോയ്ക്കും ശേഷവും തിയേറ്റര്‍ ശുചീകരിക്കണം. ഓരോ ആളുകളും സ്വന്തമായി സാനിറ്റൈസര്‍ കൊണ്ട് വരണമെന്നും മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.
തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് തിയേറ്ററുകളില്‍ കൂടുതല്‍ ആളെ കയറ്റാനുള്ള മമതയുടെ നീക്കം.