Thursday, October 17, 2024
Kerala

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ഏകീകരിച്ച വോട്ടർപട്ടിക സെപ്റ്റംബർ 20ന്

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഏകീകരിച്ച വോട്ടർപട്ടിക സെപ്റ്റംബർ 20ന് പുറത്തിറക്കും. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുള്ള ഒമ്പതിനായിരത്തിലധികം പേരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കും. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് തീരുമാനം എന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി അറിയിച്ചു. വോട്ടർ പട്ടികയുടെ സുതാര്യതയിൽ കത്തെഴുതിയ തരൂർ ഉൾപ്പെടെയുള്ളവർക്ക് തെരഞ്ഞെടുപ്പ് സമിതി മറുപടി നൽകി

10 അംഗങ്ങളുടെ പിന്തുണയോടെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശപത്രിക സമർപ്പിച്ച ആർക്കും പട്ടിക പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രീ മറുപടിയിൽ പറഞ്ഞു. പതിനൊന്ന് മണിക്കും ആറുമണിക്കും ഇടയിൽ വോട്ടർ പട്ടിക പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് സമിതി നിർദേശിച്ചു.

വോട്ടര്‍ പട്ടിക ആവശ്യപ്പെടുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് മധുസൂദൻ മിസ്ത്രിക്ക് അയച്ച കത്തിൽ എംപിമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടിയുടെ ആഭ്യന്തര രേഖകൾ പുറത്തുവിടണമെന്നല്ല പറയുന്നത്. നാമനിർദേശ പ്രക്രിയകൾ ആരംഭിക്കുന്നതിനു മുൻപുതന്നെ പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ഇലക്ട്രൽ കോളജിൽ യോഗ്യതയുള്ള പിസിസി കമ്മിറ്റി അംഗങ്ങളുടെ പട്ടിക പുറത്തുവിടണമെന്നാണ് ആവശ്യം. ആരൊക്കെയാണ് നാമനിർദേശം ചെയ്യപ്പെടാൻ യോഗ്യതയുള്ളവർ, ആർക്കാണ് വോട്ടവകാശം ഉള്ളത് എന്നു വ്യക്തമായി അറിയാൻ ഇതുവഴി സാധിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പട്ടിക പുറത്തുപോകുന്നതിൽ ആശങ്കയുണ്ടെങ്കിൽ അതിലെ വിവരങ്ങൾ വോട്ടവകാശം ഉള്ളവരിലേക്കും സ്ഥാനാർത്ഥികളാകാൻ കാത്തിരിക്കുന്നവരിലേക്കും കൃത്യമായി എത്തിക്കണം. ഈ ആവശ്യം അംഗീകരിച്ചാൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചുള്ള ആശങ്കകൾ അവസാനിക്കുമെന്നും എംപിമാർ കത്തിൽ പറയുകയുണ്ടായി.

Leave a Reply

Your email address will not be published.