അസം സുകുമാരക്കുറുപ്പ് വലയില്‍; കേസ് തെളിയിച്ചത് തൃശൂര്‍ റൂറല്‍ പൊലീസ്
മാള പിണ്ടാണിയില്‍ വീട്ടുജോലിയ്ക്ക് നിന്നിരുന്ന അസം സ്വദേശിയായ സഹപ്രവര്‍ത്തകനെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ ചുട്ടുകൊന്ന പ്രതിയെ പൊലീസ് പിടികൂടി. കൊല നടത്തി മുങ്ങിയ അസം സ്വദേശിയെയാണ് ആറ് വര്‍ഷത്തിന് ശേഷം തൃശൂര്‍ റൂറല്‍ പൊലീസ്
പിടികൂടിയത്. ഇയാളുടെ ബാങ്ക് അക്കൗണ്ടിലെ ഇടപാടുകള്‍ നിരീക്ഷിച്ച ശേഷമാണ് കൊലയാളിയുടെ ഒളിയിടം കണ്ടെത്തിയതും പിടികൂടിയതും.
2016 മേയ് ഒന്‍പതിന് രാത്രി മാള പിണ്ടാണിയിലായിരുന്നു കൊലപാതകം. നടുമുറി പുരുഷോത്തമന്‍റെ വീട്ടിലെ തൊഴിലാളികളായിരുന്നു ഉമാനന്ദ് നാഥും മനോജ് ബോറയും. ഇരുവരും ആസാം സ്വദേശികളാണ്. ആദ്യം ഇവിടെ ജോലിക്കെത്തിയത് ഉമാനന്ദ് നാഥായിരുന്നു. എന്നാല്‍ ഉമാനന്ദ് നാഥിനെ ഇടിച്ചുതാഴ്ത്താന്‍ മനോജ് നീക്കം തുടങ്ങിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ തമ്മിലുള്ള വൈരാഗ്യം കനത്തു. വീടിനടുത്തുള്ള ഔട്ട് ഹൗസിലായിരുന്നു ഇരുവരും
താമസിച്ചിരുന്നത്.
ഒരുമിച്ച് ഉറങ്ങിയിരുന്ന ഉമാനാഥിനെ കോടാലി ഉപയോഗിച്ച് മനോജ് തലയ്ക്കടിച്ചു. പിന്നീട് ശരീരത്തില്‍ തുരുതുരാ വെട്ടി. കത്തികൊണ്ട് കുത്തുകയും ചെയ്തു. ഇതിന് ശേഷം നൂറ് മീറ്ററോളം ശരീരം വലിച്ചിഴച്ച് കൊണ്ടുപോയി പറമ്പിലിട്ട് കത്തിച്ചു. കത്തിക്കുമ്പോഴും ഉമാനാഥിന് ജീവനുണ്ടായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. താനാണ് മരിച്ചതെന്ന് പൊലീസിനെ തെറ്റി ധരിപ്പിക്കാന്‍ മനോജ് തന്‍റെ വസ്ത്രങ്ങള്‍ ഉമാനന്ദിന്‍റെ ശരീരത്തില്‍ ധരിപ്പിച്ചാണ് കത്തിച്ചത്.
മനോജിന്‍റെ തിരിച്ചറിയില്‍ കാര്‍ഡ് ഉപേക്ഷിച്ച് ഉമാനന്ദ് നാഥിന്‍റെ രേഖകളുമായി മുങ്ങുകയായിരുന്നു. ഡിഎന്‍എ ടെസ്റ്റിലൂടെയാണ് കൊല്ലപ്പെട്ടത് ഉമാനന്ദ് നാഥെന്ന് തിരിച്ചറിഞ്ഞത്. സിം കാര്‍ഡും ഫോണും നശിപ്പിച്ചും സോഷ്യല്‍ മീഡിയ ബന്ധങ്ങള്‍ ഉപേക്ഷിച്ചും ഒളിവില്‍ കഴിയുകയായിരുന്നു മനോജ്. ഇയാളുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിച്ചാണ് പൊലീസ് മനോജിലേക്ക് എത്തുന്നത്. സ്വന്തം വീട്ടില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള പ്ലൈവുഡ് കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. അപൂര്‍വമായി മാത്രമേ പുറത്തിറങ്ങാറുള്ളൂ. എടിഎം കൗണ്ടറില്‍ നിന്ന് പുതിയ ദൃശ്യങ്ങള്‍ ലഭിച്ചതോടെ അസം പൊലീസിന്‍റെ സഹായത്താല്‍ മനോജ് ബോറ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വലയിലാവുകയായിരുന്നു
വിസ്മൃതിയാലുകുമായിരുന്ന കേസില്‍ തുടരന്വേഷണം ആരംഭിച്ചത് എസ്പി ഐശ്വര്യ ഡോങ്റേയുടെ ഇടപെടലിലാണ്. സുകുമാരക്കുറുപ്പിനോളം കുടിലബുദ്ധിയാണ് പ്രതി കാണിച്ചത്. സമര്‍ത്ഥമായ അന്വേഷണത്തിലൂടെ തൃശൂര്‍ റൂറല്‍ പൊലീസ് പ്രതിയെ വലയിലാക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ തോമസ്, മാള ഇന്‍സ്പെക്ടര്‍ സജിന്‍ ശശി എന്നിവരടങ്ങിയ സംഘമായിരുന്നു കൊലയാളിയെ അറസ്റ്റ് ചെയ്തത്. എശ്ഐ വിപി അരിസ്റ്റോറ്റിട്ടില്‍, എഎസ്ഐമാരായ സുധാകരന്‍, സിഎ ജോബ്, സൈബര്‍ വദഗ്ധന്‍ എംവിബിനു, സീനിയര്‍ സിപിഒ ഇഎസ് ജീവന്‍ എന്നിവരാണ് ആസാമില്‍ നിന്ന് പ്രതിയെ പിടികൂടി നാട്ടിലെത്തിച്ചത്. പ്രതിയുമായി കൃത്യം നടന്ന ഔട്ട് ഹൗസിലും പറമ്പിലും തെളിവെടുപ്പ് നടത്തി.