രാജ്യത്തെ രക്ഷിക്കാൻ കേരളവും തമിഴ്നാടും രണ്ട് കുഴൽ തോക്കുപോലെ പ്രവർത്തിക്കും; തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ
ഇന്ത്യയുടെ സാഹോദര്യം, സമത്വം തുടങ്ങി എല്ലാം ഭീഷണിയിലാണെന്നും രാജ്യത്തെ രക്ഷിക്കാൻ കേരളവും തമിഴ്നാടും രണ്ട് കുഴൽ തോക്കു പോലെ പ്രവർത്തിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ. രാജ്യത്തെ രക്ഷിക്കാൻ മാധ്യമ പ്രവർത്തരും ബാധ്യസ്ഥരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദയനിധി വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്നത് വ്യാജപ്രചാരണമാണ്. ഉദയനിധി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെയുള്ള പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം ശരിയായില്ല. ഉദയനിധിയുടെ പരാമർശം ജാതീയതയ്ക്കും സ്ത്രീകൾക്കുമെതിരായ വിവേചനങ്ങൾക്ക് എതിരെയാണ്. ഏതെങ്കിലും മതത്തെയോ മത വിശ്വാസത്തെയോ വ്രണപ്പെടുത്താനുള്ള ശ്രമമായിരുന്നില്ല ആ പ്രസ്താവന.
മന്ത്രിമാരുടെ യോഗത്തിൽ ഉദയനിധിക്ക് തക്കതായ മറുപടി നൽകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങളിൽ നിന്നും മനസിലാക്കുന്നത്. ഏതു വിഷയമായാലും അതിന്റെ നിജസ്ഥിതി മനസിലാക്കാനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും പ്രധാനമന്ത്രിക്കുണ്ട്. ഉദയനിധിയുടെ കാര്യത്തിൽ പ്രചരിക്കുന്ന കള്ളങ്ങൾ മനസ്സിലാക്കാതെയാണോ അതോ ബോധപൂർവമാണോ പ്രധാനമന്ത്രിയുടെ പ്രതികരണമെന്നും സ്റ്റാലിൻ ചോദിച്ചു.
ഉദയനിധിയുടെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്ത് അദ്ദേഹം വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. വംശഹത്യ എന്ന വാക്ക് ഉദയനിധി എവിടെയും ഉപയോഗിച്ചിട്ടില്ലെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് സമാനമായാണ് ഇവിടെ നുണ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.