Monday, January 6, 2025
National

‘കോൺഗ്രസ് മുക്ത ഭാരതമെന്ന് മോദി പറയുന്നതിനർത്ഥം കോൺഗ്രസുകാരെ കൊല്ലണമെന്നാണോ?’: ഉദയനിധി സ്റ്റാലിൻ

സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. പ്രസ്താവനയെ വളച്ചൊടിച്ച് ബിജെപി വ്യാജവാർത്ത പ്രചരിപ്പിക്കുകയാണ്. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന് പ്രധാനമന്ത്രി പറയുമ്പോൾ അതിനർത്ഥം കോൺഗ്രസുകാരെ കൊല്ലണമെന്നാണോ? എന്നും അദ്ദേഹം ചോദിച്ചു.

പ്രസ്താവന ആവർത്തിച്ചുകൊണ്ടേയിരിക്കും. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന് പ്രധാനമന്ത്രി മോദി പറയുമ്പോൾ അതിനർത്ഥം കോൺഗ്രസുകാരെ കൊല്ലണമെന്നാണോ? എന്താണ് സനാതന? ഒന്നും മാറ്റേണ്ടതില്ല, എല്ലാം ശാശ്വതമാണ് എന്നാണ് അതിനർത്ഥം. പ്രസ്താവനയെ വളച്ചൊടിച്ച് ബിജെപി വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്നും ഉദയനിധി സ്റ്റാലിൻ.

നുണകൾ പ്രചരിപ്പിക്കുക എന്നത് ബിജെപിയുടെ പതിവു ജോലിയാണ്. ഏത് നിയമനടപടിയും നേരിടാൻ തയ്യാറാണ്. ബിജെപിക്ക് ഇന്ത്യാ സഖ്യത്തെ പേടിയാണ്, ജനശ്രദ്ധ തിരിക്കാനാണ് ഇതെല്ലാം പറയുന്നത്. ഒരു കുലം, ഒരു ദൈവം എന്നതാണ് ഡിഎംകെയുടെ നയമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ‘ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിർക്കാനാവില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധർമ്മത്തേയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത്.

സനാതനം എന്ന വാക്ക് സംസ്കൃതത്തിൽ നിന്നുള്ളതാണെന്നും അത് സാമൂഹ്യ നീതിക്കും തുല്യതയ്ക്കും എതിരാണെന്നും ഉദയനിധി പറഞ്ഞു. ഈ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. അതേസമയം മകൻ ഉദയനിധിയെ ന്യായീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്തുവന്നിരുന്നു. വീഴ്ചകൾ മറച്ചു വെക്കാൻ ബിജെപി മതത്തെ ആയുധമാക്കുന്നു എന്നാണ് സ്റ്റാലിന്റെ ആരോപണം. ബിജെപി ജനങ്ങളുടെ മതവികാരത്തെ ആളിക്കത്തിച്ച് തീ കായാൻ ശ്രമിക്കുകയാണ്. ബിജെപി ഇന്ത്യയുടെ ഐക്യം തകർക്കാനും ഘടന നശിപ്പിക്കാനും ശ്രമിക്കുകയാണെന്നും സ്റ്റാലിൻ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *