നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ഇന്ത്യ എന്ന പേരുമാറ്റി ഭാരത് എന്നാക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന
നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ഇന്ത്യ എന്ന പേരുമാറ്റി ഭാരത് എന്നാക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന. സംഘടനയുടെ രേഖകളിൽ പേരുമാറ്റത്തിനു തടസമില്ല. ഇന്ത്യ പേരുമാറ്റത്തിൻ്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കാര്യം തങ്ങളെ അറിയിച്ചാൽ യുഎൻ രേഖകളിലും പേരുമാറ്റുമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറലിൻ്റെ വക്താവ് സ്റ്റെഫനി ഡുജാറിച് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
“ഇതിൽ യുഎന്നിന് അഭിപ്രായം പറയാനൊന്നുമില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ യുഎന്നും പേരുമാറ്റും. അതിൽ പ്രശ്നമൊന്നുമില്ല.”- ജി20 ഉച്ചകോടിയ്ക്കായി ഡൽഹിയിലെത്തിയ ഡുജാറിച് പറഞ്ഞു എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇന്ത്യ മുന്നണിയുടെ കത്തിന് മറുപടിയുമായി കേന്ദ്രസർക്കാർ രംഗത്തുവന്നിരുന്നു. നിയമവും ചട്ടവും അനുസരിച്ചുള്ള എല്ലാ നടപടികളും പിൻതുടർന്നാണ് സമ്മേളനം വിളിച്ചതെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രള്ഹാദ് ജോഷി മറുപടി നൽകി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാര്യോപദേശക സമിതി വിളിയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിയ്ക്കുന്നതിന് മുൻപ് പാലിച്ചിട്ടില്ലെന്നായിരുന്നു സോണിയ ഗാന്ധി കത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നത്. പാർലമെന്റ് നടപടികളെ തടസപ്പെടുത്തുന്ന തരത്തിലും തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുമാണ് പ്രതിപക്ഷത്തിന്റെ കത്തെന്ന് കേന്ദ്രസർക്കാർ കുറ്റപ്പെടുത്തി. ഏറ്റവും ദൗർഭാഗ്യകരം എന്ന് എടുത്ത് സൂചിപ്പിച്ചായിരുന്നു വിമർശനങ്ങൾ. കേന്ദ്രത്തിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഒരു അവ്യക്തതയും നിലവിലില്ലെന്നും കേന്ദ്രസർക്കാർ മറുപടി നൽകി.
പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ രാജ്യത്തിന്റെ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കുമെന്ന് നടക്കുന്ന പ്രചാരണങ്ങൾ വസ്തുതവിരുദ്ധമാണെന്ന് കേന്ദ്രസർക്കാർ മുൻപ് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിലപാടുണ്ടെങ്കിൽ കേന്ദ്രം അറിയിക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞിരുന്നു. ജി 20 ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കോൺഗ്രസ് അഭ്യൂഹം പ്രചരിപ്പിക്കുന്നത്. ഒരു കാലത്തും കോൺഗ്രസിന് ഭാരത് എന്ന പേരിനോട് കോൺഗ്രസിന് അനുകൂലമായ നിലപാടല്ലെന്ന് കേന്ദ്രമന്ത്രി വിമർശിച്ചിരുന്നു.