തമിഴ്നാട് ഡിഐജിയുടെ മരണം; ഗൺമാന്റെ നിർണായക മൊഴി പുറത്ത്
തമിഴ്നാട് ഡിഐജിയുടെ മരണത്തിൽ ഗൺമാൻ രവിചന്ദ്രന്റെ നിർണായക മൊഴി പുറത്ത്. ഉറക്കക്കുറവിന് ജനുവരി മുതൽ വിജയഭാസ്കർ മരുന്ന് കഴിച്ചിരുന്നതായി രവിചന്ദ്രന്റെ മൊഴിയിൽ പറയുന്നു. പ്രഭാതനടത്തതിന് ശേഷം വന്നപ്പോൾ തന്നോട് തോക്ക് ആവശ്യപ്പെട്ടിരുന്നു. ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ചോദിച്ചിട്ട് മുറിയിലേക്ക് പോയി. എന്നാൽ വെടിയൊച്ചയുടെ ശബ്ദം കേട്ടാണ് മുറിയിലേക്ക് പോയതെന്നും മൊഴിയിൽ പറയുന്നു.
അതേസമയം, പിസ്റ്റളും ബുള്ളറ്റുകളും ഇന്നലെ തന്നെ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. പൂർണ്ണമായും മാനസിക സംഘർഷം മൂലം ജീവനൊടുക്കുകയായിരുന്നു രവിചന്ദ്രനെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്നും നൽകുന്ന വിവരം. മറ്റു തരത്തിലുള്ള സമ്മർദ്ദങ്ങളും ഉണ്ടായിരുന്നില്ല. മൂന്ന് നാലു ദിവസമായി ഉറങ്ങാൻ കഴിയുന്നില്ല. കനത്ത മാനസിക സംഘർഷങ്ങൾ അനുഭവപ്പെടുന്നു എന്ന് ഭാര്യയോടും ഡോക്ടറോടും പറഞ്ഞപ്പോൾ ഭാര്യ ചെന്നെയിൽ നിന്നെത്തിയിരുന്നതായും അടുത്ത വൃത്തങ്ങളിൽ നിന്നറിയുന്നു. മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എഐഎഡിഎംകെയും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ സംഭവം രാഷ്ട്രീയ വൽക്കരിക്കാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണെന്നും വ്യക്തിപരമായ സംഘർഷമാണ് മരണത്തിന് കാരണമെന്നും പൊലീസ് പറയുന്നു.
ഇന്നലെയാണ് കോയമ്പത്തൂർ റേഞ്ച് ഡിഐജി സി. വിജയകുമാർ ഔദ്യോഗിക വസതിയിൽ ആത്മഹത്യ ചെയ്തത്. പ്രഭാതനടത്തത്തിന് ശേഷം ആറേമുക്കാലോടെ റേസ് കോഴ്സിലെ ഔദ്യോഗിക വസതിയിൽ തിരിച്ചെത്തിയ സി. വിജയകുമാർ, സുരക്ഷാ ജീവനക്കാരനോട് സർവീസ് തോക്ക് ചോദിച്ചുവാങ്ങി പിന്നാലെ സ്വയം നിറയൊഴിക്കുകയായിരുന്നു. ശബ്ദം കേട്ട് മറ്റ് പൊലീസുകാർ ഓടിയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി സഹപ്രവർത്തകന്റെ മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത വിജയകുമാർ രണ്ട് മൂന്ന് ദിവസമായി ഉറങ്ങാൻ കഴിയുന്നില്ലെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വിജയകുമാര്‍ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും റിപ്പോർട്ടുണ്ട്.
2009 ബാച്ചിലെ ഉദ്യോഗസ്ഥനായ വിജയകുമാർ ജനുവരിയിലാണ് കോയമ്പത്തൂർ റേഞ്ച് ഡിഐജിയായി ചുമതലയേറ്റെടുത്തത്. കോളിളക്കമുണ്ടാക്കിയ പല കേസുകളുടെയും അന്വേഷണത്തിന് നേതൃത്വം വഹിച്ച ഉദ്യോഗസ്ഥനാണ് വിജയകുമാർ.