മിഷൻ 2024 ന് തുടക്കമിട്ട് ബിജെപി, ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ് 2024;രാജ്യത്തെ 3 മേഖലകളായി തിരിച്ച് പ്രവർത്തനം
ദില്ലി : 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷൻ 2024 ന് തുടക്കമിട്ട് ബിജെപി. രാജ്യത്തെ മൂന്ന് മേഖലകളായി തിരിച്ച് നേതൃയോഗങ്ങൾ സംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്ക് ബിജെപി തുടക്കമിട്ടു. കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ യോഗം ഗുവാഹത്തിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ യോഗം ദില്ലിയിലും ചേർന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ നേതൃയോഗത്തിന് ഹൈദരാബാദാണ് വേദിയാവുക. മോദി സർക്കാരിന്റെ ഒൻപത് വർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി നടത്തിയ പ്രചാരണ പരിപാടികളുടെ വിലയിരുത്തൽ ഈ യോഗങ്ങളിലുണ്ടാകും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 യുടെ പ്രചാരണം, യൂണിഫോം സിവിൽ കോഡ്, പ്രതിപക്ഷ ഐക്യം എന്നീ വിഷയങ്ങളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുമാണ് യോഗത്തിലെ ചർച്ചാ വിഷയം.
അതേ സമയം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന സംസ്ഥാന പര്യടനം തുടരുകയാണ്. ഉടൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണ് മോദി എത്തുക. ഇന്നലെ ഛത്തിസ്ഗഢിലെത്തിയ മോദി ഇന്ന് തെലങ്കാനയിലും രാജസ്ഥാനിലുമാകും സന്ദർശനം നടത്തും. കോടികളുടെ വികസനപദ്ധതികള്‍ക്കാകും പ്രധാനമന്ത്രി ഇരു സംസ്ഥാനങ്ങളിലും തറക്കല്ലിടുക. തെലങ്കാനയിലും രാജസ്ഥാനിലും പ്രചാരണ റാലികളിലും മോദി പങ്കെടുക്കും. കഴിഞ്ഞ ദിവസം ഛത്തീസ് ഘഢിലും ഉത്തര്‍പ്രദേശിലും പ്രധാനമന്ത്രി പര്യടനം നടത്തിയിരുന്നു. നാല് സംസ്ഥാനങ്ങള്‍ക്കായി അന്‍പതിനായിരം കോടിയുടെ വികനപദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.
ഛത്തീസ്ഗഢിലെ റായ്പുരിൽ 7500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കാണ് ഇന്നലെ പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തത്. ഏകദേശം 6,400 കോടി രൂപയുടെ 5 ദേശീയ പാത പദ്ധതികൾക്കാണ് അദ്ദേഹം തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്തത്. 750 കോടി രൂപ ചെലവിൽ ഇരട്ടിപ്പിക്കൽ പൂർത്തിയാക്കിയ 103 കിലോമീറ്റർ ദൈർഘ്യമുള്ള റായ്പുർ – ഖരിയാർ റോഡ് റെയിൽ പാത, 290 കോടി രൂപ ചെലവിൽ വികസിപ്പിച്ച 17 കിലോമീറ്റർ നീളമുള്ള ക്യോട്ടി – അന്താഗഢ് റെയിൽ പാത എന്നിവയും പ്രധാനമന്ത്രിരാജ്യത്തിന് സമർപ്പിച്ചു. പ്രതിവർഷം 60,000 മെട്രിക് ടൺ ശേഷിയുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കോർബയിലെ ബോട്ടിലിംഗ് പ്ലാന്‍റും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ഗുണഭോക്താക്കൾക്കുള്ള 75 ലക്ഷം കാർഡുകളുടെ വിതരണോദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. അടിസ്ഥാനസൗകര്യം, സമ്പർക്കസൗകര്യം തുടങ്ങിയ മേഖലകളിൽ 7000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ലഭിക്കുന്നത് ഛത്തീസ്ഗഢിന്റെ വികസന യാത്രയ്ക്ക് വളരെ പ്രധാനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.