അഗാധമായ ദുഃഖം; ആബെയുടെ ആരോഗ്യത്തിനായി പ്രാർത്ഥനകൾ ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്ക് വെടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി നരേന്ദ്രമോദി. പ്രിയ സുഹൃത്തിനെതിരായുണ്ടായ ആക്രമണത്തിൽ അഗാധമായ ദുഃഖമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ രേഖപ്പെടുത്തി. തന്റെ പ്രാർത്ഥനകൾ ഷിൻസോയ്‌ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
നേരത്തെ ജപ്പാനിലെ ഇന്ത്യൻ അംബാസിഡറെ വിളിച്ച് പ്രധാനമന്ത്രി ഇക്കാര്യം സംസാരിച്ചിരുന്നു. ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേക്കെതിരായ ആക്രമണം ഇന്ത്യയേയും ഞെട്ടിച്ചു. മരണം വരെ ഇന്ത്യയുമായുള്ള നല്ല ബന്ധം തുടരും എന്ന് പ്രഖ്യാപിച്ച ആബേ ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം വളർത്തുന്നതിൽ വലിയ പങ്കാണ് വഹിച്ചിരുന്നത്.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആബെയ്ക്കെതിരായ ആക്രമണം ഞെട്ടിക്കുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു. നാരാ നഗരത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുന്നതിനിടെയാണ് ആബേയ്ക്ക് വെടിയേറ്റത്. രണ്ട് തവണയാണ് ആക്രമി വെടിയുതിര്‍ത്തത്. രണ്ടാമത്തേതാണ് ആബേയുടെ ദേഹത്ത് കൊണ്ടത്. ആബേയുടെ നില അതീവ ഗുരുതരമാണെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും സ്ഥിരീകരിച്ചു. അതിനീചമായ ആക്രമണമാണുണ്ടായതെന്നും ആബേയുടെ തിരിച്ച് വരവിനായി പ്രാര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.