നവീന്റെ വേർപാടിൽ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി
യുക്രൈനിൽ കൊല്ലപ്പെട്ട നവീൻ്റെ കുടുംബവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. നവീൻ്റെ പിതാവുമായി സംസാരിച്ച പ്രധാനമന്ത്രി നവീന്റെ വേർപാടിൽ ദുഃഖം അറിയിച്ചു. കർണാടക സ്വദേശിയായ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥി നവീൻ എസ് ജ്ഞാനഗൗഡറാണ് ഇന്ന് ഖാർകീവിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. തൊട്ടുസമീപത്തുള്ള ഗവർണർ ഹൗസ് ലക്ഷ്യമിട്ടായിരുന്നു ഷെല്ലാക്രമണം.
യുക്രൈനിൽ സുരക്ഷിതനാണെന്നും ഇന്ന് തന്നെ അതിർത്തിയിലേക്ക് തിരിക്കുമെന്നും രാവിലെ വീട്ടുകാരുമായി ഫോണിൽ സംസാരിക്കുമ്പോൾ നവീൻ പറഞ്ഞിരുന്നു. മകൻറെ തിരിച്ചുവരവിനായി കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് മരണവാർത്ത സ്ഥിരീകരിച്ചു കൊണ്ട് വിദേശകാര്യമന്ത്രാലയത്തിൽ നിന്നും ദുഖവാർത്തയെത്തുന്നത്. കർണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് നവീൻ.
കൊല്ലപ്പെട്ടത് നവീന‍്‍ തന്നെയാണെന്ന് സുഹൃത്തുക്കളും ഏജൻറും തിരിച്ചറിഞ്ഞു. സാഹചര്യം അനുകൂലമാകുന്നത് അനുസരിച്ച് നവീൻറെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 5000 ത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഖാർഖീവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നത്. ഷെല്ലാക്രമണം രൂക്ഷമായതോടെ ഖാർഗീവിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേർക്കും ഇന്ന് യാത്രതിരിക്കാൻ കഴിഞ്ഞിട്ടില്ല.
അതേസമയം യുക്രൈനിൽ നിന്നും പുറത്തുവരുന്നത് വളരെ ദാരുണമായ വാർത്തയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു. യുക്രൈനിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശി നവീൻ എന്ന നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥി കൊല്ലപ്പെട്ടെന്ന വാർത്ത ഏറെ ദാരുണമായ ഒന്നാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും തന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാഹുൽ ഗാന്ധി അറിയിച്ചു.