‘പങ്കാളി ആത്‌മഹത്യ ചെയ്തതാണ്’; ഭയന്നതിനാൽ ശരീരം വെട്ടിനുറുക്കിയെന്ന് മുംബൈ കൊലപാതകക്കേസിലെ കുറ്റാരോപിതൻ
പങ്കാളി ആത്‌മഹത്യ ചെയ്തതാണെന്ന് മുബൈയിൽ പങ്കാളിയെ കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി കുക്കറിലിട്ട് വേവിച്ച കേസിലെ കുറ്റാരോപിതൻ. പങ്കാളി വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നും ഭയന്നതിനാലാണ് ശരീരം വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ചത്. പങ്കാളി സരസ്വതി വൈദ്യയെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്നും കുറ്റാരോപിതൻ മനോജ് സഹാനി പൊലീസിനു മൊഴിനൽകി.
പങ്കാളി ജീവനൊടുക്കിയപ്പോൾ മനോജ് ഭയന്നു. വായിലൂടെ പത വരാൻ തുടങ്ങിയപ്പോൾ ഭയന്ന ഇയാൾ ഒരു ട്രീ കട്ടർ വാങ്ങിയാണ് ശരീരം വെട്ടിമുറിച്ചത്. പൊലീസെത്തുമ്പോൾ ഇയാൾ പങ്കാളിയുടെ ശരീരഭാഗങ്ങൾ വേവിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി പ്രതി മനോജ് സഹാനി ലിവ്-ഇൻ പങ്കാളിയായ സരസ്വതി വൈദ്യ(36)യ്‌ക്കൊപ്പം മുംബൈയിലെ മിരാ റോഡിലെ വാടക അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ പതിവായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇവർ തമ്മിൽ വഴക്കുണ്ടായെന്നും തുടർന്നുണ്ടായ ദേഷ്യത്തിലാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം കട്ടർ ഉപയോഗിച്ച് കഷ്ണങ്ങളാക്കി. ശരീര ഭാഗങ്ങൾ കുക്കറിൽ വേവിച്ച ശേഷം പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് വീട്ടിൽ സൂക്ഷിച്ചു.
ബുധനാഴ്ച വൈകിട്ടോടെയാണ് ദമ്പതികളുടെ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നെന്ന പരാതിയുമായി താമസക്കാർ നയനഗർ പൊലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചത്. അഴുകിയ ശരീരഭാഗങ്ങൾ കൊലപാതകം മൂന്നോ നാലോ ദിവസം മുമ്പ് നടന്നതാകാമെന്ന സൂചനയാണ് നൽകുന്നത്. ബോരിവാലിയിൽ ഒരു കട നടത്തുകയാണ് മനോജ്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.