മുംബൈയിൽ ശ്രദ്ധ മോഡൽ കൊലപാതകം; 56 കാരൻ ലിവ്-ഇൻ പങ്കാളിയെ കൊന്ന് മൃതദേഹം 20 കഷ്ണങ്ങളാക്കി കുക്കറില്‍ വേവിച്ചു
മുംബൈയിൽ ശ്രദ്ധ മോഡൽ കൊലപാതകം. ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 20 കഷണങ്ങളാക്കിയ 56 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ശരീര ഭാഗങ്ങൾ പ്രതി കുക്കറിൽ വേവിച്ച ശേഷം പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് വീട്ടിൽ സൂക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷമായി പ്രതി മനോജ് സഹാനി ലിവ്-ഇൻ പങ്കാളിയായ സരസ്വതി വൈദ്യ(36)യ്‌ക്കൊപ്പം മുംബൈയിലെ മിരാ റോഡിലെ വാടക അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ പതിവായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇവർ തമ്മിൽ വഴക്കുണ്ടായെന്നും തുടർന്നുണ്ടായ ദേഷ്യത്തിലാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം കട്ടർ ഉപയോഗിച്ച് കഷ്ണങ്ങളാക്കി. ശരീര ഭാഗങ്ങൾ കുക്കറിൽ വേവിച്ച ശേഷം പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് വീട്ടിൽ സൂക്ഷിച്ചു.
ബുധനാഴ്ച വൈകിട്ടോടെയാണ് ദമ്പതികളുടെ ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നെന്ന പരാതിയുമായി താമസക്കാര്‍ നയനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചത്. അഴുകിയ ശരീരഭാഗങ്ങള്‍ കൊലപാതകം മൂന്നോ നാലോ ദിവസം മുമ്പ് നടന്നതാകാമെന്ന സൂചനയാണ് നല്‍കുന്നത്. ബോരിവാലിയില്‍ ഒരു കട നടത്തുകയാണ് മനോജ്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.