Saturday, October 19, 2024
Health

‘ചിലര്‍ക്ക് ദിവസവും എട്ട് ഗ്ലാസ് വെള്ളം ആവശ്യമില്ല’; എല്ലാവരും ഒരേ അളവില്‍ വെള്ളം കുടിക്കണമെന്ന ധാരണ തെറ്റെന്ന് പഠനം

അമിതമായി വെള്ളം കുടിച്ചതാണ് ഇതിഹാസ താരം ബ്രൂസ് ലീയുടെ മരണത്തിന് കാരണമായതെന്ന തരത്തില്‍ ഒരു പഠനം കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. അമിതമായി വെള്ളം കുടിക്കുന്നത് അപകടകരമാണെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു ആ പഠനം. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിയ്ക്കണമെന്നാണ് പലരും ഉപദേശിക്കാറ്. എന്നാല്‍ ഈ എട്ട് ഗ്ലാസ് വെള്ളം പോലും ചിലരുടെ ശരീരത്തിന് കുറച്ച് കൂടുതലാണെന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുകയാണ് ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ ഇന്നോവേഷന്‍ നടത്തിയ പഠനം.

ദിവസവും എട്ട് ഗ്ലാസ് വെള്ളം എല്ലാവരും നിര്‍ബന്ധമായി കുടിച്ചിരിക്കണമെന്ന ഉപദേശത്തിന് യാതൊരുവിധത്തിലുള്ള ശാസ്ത്രീയ അടിത്തറയുമില്ലെന്ന് പഠനസംഘത്തിന്റെ തലവനായ യൊസുകെ യമട പറയുന്നു. ചില ആളുകളുടെ ശരീരത്തിന് 1.5 ലിറ്റര്‍ വെള്ളമേ ആവശ്യമുണ്ടാകുകയുള്ളൂ. ചിലരുടെ ശരീരത്തിന് 1.8 ലിറ്റര്‍ വെള്ളം ആവശ്യമുണ്ടാകും. എല്ലാവരും രണ്ട് ലിറ്റര്‍ വെള്ളം കുടിക്കണമെന്നത് തെറ്റായ ധാരണയാണെന്ന് അദ്ദേഹം പറഞ്ഞു.

സയന്‍സ് എന്ന ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന ജലാംശത്തെ നാം പലപ്പോഴും കണക്കില്‍പ്പെടുത്താറില്ല. ഇത് വലിയ ഒരു പിഴവാണെന്ന് പഠനം പറയുന്നു. 23 രാജ്യങ്ങളില്‍ നിന്നുള്ള 5604 പേരിലാണ് പഠനം നടന്നത്. ജലാംശത്തിന്റെ ആവശ്യകതയും ജലാംശം നഷ്ടപ്പെടുന്നതിന്റെ വേഗതയും വ്യക്തികളുടെ പ്രായം, ലിംഗം, ദൈനംദിന പ്രക്രിയകള്‍ എന്നിവയ്ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്ന് പഠനം കണ്ടെത്തി. എല്ലാവര്‍ക്കും എട്ട് വലിയ ഗ്ലാസ് വെള്ളത്തിന്റെ ആവശ്യം ഒരു ദിവസമില്ലെന്ന് പഠനം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. കായികതാരങ്ങള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് കൂടുതല്‍ ജലം ആവശ്യമാണെന്നും എന്നാല്‍ പ്രായമുള്ളവര്‍ക്കും അധികം ശാരീരിക അധ്വാനമില്ലാത്തവര്‍ക്കും താരതമ്യേനെ കുറഞ്ഞ അളവിലാണ് വെള്ളം ആവശ്യമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.

Leave a Reply

Your email address will not be published.