അന്യമതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് മകനെ പിതാവ് വെട്ടിക്കൊന്നു; തടയാൻ ചെന്ന മാതാവിനേയും കൊലപ്പെടുത്തി
തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനകൊല. കൃഷ്ണഗിരിയിൽ അന്യമതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് മകനെ പിതാവ് വെട്ടിക്കൊന്നു. തടയാൻ ചെന്ന മാതാവും കൊല്ലപ്പെട്ടു. യുവാവിന്റെ ഭാര്യയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൃഷ്ണഗിരി സ്വദശി സുഭാഷ്, മാതാവ് കണ്ണമ്മാൾ എന്നിവരാണ് കൊല്ലപ്പെട്ടത്. സുഭാഷിന്റെ പിതാവ് ദണ്ഡപാണിയെ പൊലിസ് അറസ്റ്റു ചെയ്തു. മൂന്നു മാസം മുൻപാണ് സുഭാഷ്, മറ്റൊരു മതത്തിൽപ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. അന്നുമുതൽ തന്നെ ദണ്ഡപാണി സുഭാഷുമായി തർക്കത്തിലായിരുന്നു. വീടുവിട്ട സുഭാഷും ഭാര്യയും മറ്റൊരിടത്തായിരുന്നു താമസം. ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്തി.
സുഭാഷും ഭാര്യയും ഉറങ്ങുന്നതിനിടെയാണ് ദണ്ഡപാണിയെത്തി സുഭാഷിന്റെ കഴുത്തിൽ വെട്ടിയത്. സുഭാഷിന്റെ ഭാര്യയ്ക്കും വെട്ടേറ്റു. ബഹളം കേട്ട് ഓടിയെത്തിയ സുഭാഷിന്റെ മാതാവ് കണ്ണമ്മാൾ, ഇരുവരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഇതോടെയാണ് ദണ്ഡപാണി ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയത്. കേസെടുത്ത കൃഷ്ണഗിരി പൊലിസ് ദണ്ഡപാണിയെ അറസ്റ്റു ചെയ്തു.