രാഹുൽ ഗാന്ധിയുടെ കർണാടക സന്ദർശനം വീണ്ടും മാറ്റി
രാഹുൽ ഗാന്ധിയുടെ കർണാടക സന്ദർശനം വീണ്ടും മാറ്റി. ഏപ്രിൽ അഞ്ചിന് കോലാറിൽ നിശ്ചയിച്ചിരുന്ന പരിപാടി ആദ്യം പത്തിലേയ്ക്കാണ് മാറ്റിയത്. ഇതേ പരിപാടി ഈ മാസം പതിനാറിലേയ്ക്ക് മാറ്റിയതാണ് ഇപ്പോഴത്തെ വിവരം.
തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ അയോഗ്യതയും അതിന്മേലുണ്ടായ ദേശീയ പ്രതിഷേധവും അനുകൂലമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു രാഹുലിന്റെ പ്രചാരണ പരിപാടി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാകാത്ത സാഹചര്യവും കോൺഗ്രസിനുള്ളിലെ തർക്കങ്ങളുമാണ് പരിപാടിയുടെ തീയ്യതികൾ മാറ്റാനുള്ള കാരണമെന്നാണ് സൂചന.
പരിപാടി നടക്കേണ്ട കോലാറിൽ ഇനിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ മത്സരിയ്ക്കണമെന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ട പട്ടികയിൽ തന്നെ വരുണ മണ്ഡലമാണ് ഹൈക്കമാൻഡ് സിദ്ധരാമയ്യയ്ക്ക് നൽകിയത്.