കുതിച്ചുയർന്ന് കൊവിഡ്; സംസ്ഥാനങ്ങളിൽ ഇന്ന് അവലോകന യോഗം
രാജ്യത്ത് കൊവിഡ് കേസുകൾ പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഇന്ന് അവലോകന യോഗം ചേരും. ജില്ലാ തലങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെയും, ജില്ല ഭരണകൂടത്തിന്റെയും യോഗം ചേർന്ന് തയ്യാറെടുപ്പുകളും സാഹചര്യങ്ങളും അവലോകനം ചെയ്യാനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് ഇത്.
ഇന്നലെ ആരോഗ്യ മന്ത്രി വിളിച്ച യോഗത്തിൽ കൊവിഡ് വ്യാപനത്തിൽ ജാഗ്രത പുലർത്താൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഡൽഹി മുംബൈ അടക്കമുള്ള നഗരങ്ങളിൽ കൊവിഡ് കേസുകൾ ദിനംപ്രതി കുതിച്ചുയരുകയാണ്. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 733 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളിൽ എത്തി. കഴിഞ്ഞ ഏഴു മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തൊരുമിച്ചുള്ള പ്രവർത്തനം തുടരണമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു. ഇന്നും നാളെയുമായി അവലോകന യോഗങ്ങൾ നടക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ആശുപത്രികളിൽ മോക് ഡ്രില്ലുകൾ സംഘടിപ്പിക്കും. കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിൽ, സംസ്ഥാന ആരോഗ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. രാജ്യത്തെ കോവിഡ് കേസുകൾ പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി യോഗം വിളിച്ചത്.