തൃശൂരിൽ വീണ്ടും ചുഴലിക്കാറ്റ്; രണ്ടായിരത്തോളം വാഴകൾ നശിച്ചു
തൃശ്ശൂർ പടിഞ്ഞാറെ ചാലക്കുടി കോട്ടാറ്റിൽ ഉണ്ടായ ചുഴലിക്കാറ്റിൽ രണ്ടായിരത്തോളം വാഴകൾ നശിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മുന്നുമണിയോടെ പെയ്ത കനത്ത മഴയ്ക്കൊപ്പമായിരുന്നു കാറ്റ് വീശിയത്.
പുതുശേരി തോമസിന്റെ എണ്ണൂറു വാഴകളും കപ്പകൃഷിയും നശിച്ചു. പാലത്തിങ്കൽ ജോണിയുടെ നാനൂറോളം വാഴകളും ഒടിഞ്ഞു വീണു. പുതുശേരി പോളി,നായത്തോടൻ ബാബു എന്നിവരുടെ വാഴത്തോട്ടങ്ങളും കാറ്റിൽ തകർന്നു. ഇവരുടെ കപ്പകൃഷിക്കും നാശം നേരിട്ടു. ഏതാനും കവുങ്ങളും കടപുഴകി. കാടുകുറ്റി പഞ്ചായത്തിലും കാറ്റിൽ ചെറിയതോതിൽ നാശമുണ്ടായി.
മാർച്ച് 25നും തൃശൂരിൽ മിന്നൽ ചുഴലിയുണ്ടായിരുന്നു. മറ്റത്തൂർ വെള്ളിക്കുളങ്ങര മേഖലയിലാണ് ചുഴലിയുണ്ടായത്. മേഖലയിലെ ആയിരത്തിലധികം വരുന്ന വാഴകൾ കാറ്റിൽനശിച്ചു. പ്രദേശത്തെ പള്ളിയുടെ മേൽക്കൂരയും, തൊട്ടടുത്തുള്ള രണ്ടു വീടുകൾക്കും നാശ നഷ്ടമുണ്ടായിരുന്നു. ചേർപ്പ് ചേനം, പീച്ചി, മാള, അന്നമനട പ്രദേശങ്ങളിൽ വൻ നാശനഷ്ടമാണ് മിന്നൽ ചുഴലിയുണ്ടാക്കിയത്.