ഷാറൂഖില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത് 2021 അവസാനത്തോടെ; ഫെയ്സ്ബുക്ക്, ടെലഗ്രാം അക്കൗണ്ടുകൾ പരിശോധിച്ച് കേന്ദ്ര ഏജന്‍സികൾ
ഷാറൂഖിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നു. വാട്സ് ആപ്പ്, ഫെയ്സ്ബുക്ക്, ടെലഗ്രാം എന്നീ അക്കൗണ്ടുകളാണ് കേന്ദ്ര ഏജന്‍സികൾ പരിശോധിക്കുന്നത്. പ്രതിയുടെ തീവ്രവാദ ബന്ധവും ‘ഹാന്‍ഡ്ലറെയും’ കണ്ടെത്താനായാണ് നീക്കം. പ്രതി സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിനൊപ്പം ഫോണ്‍കോള്‍ വിശദാംശങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതിന്റെ ഫലം ലഭിക്കാന്‍ നാല് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കേന്ദ്ര ഏജന്‍സികള്‍ അറിയിക്കുന്നത്. 2021 വരെ ഷാരൂഖ് സാധാരണ ചെറുപ്പക്കാരനെ പോലെയാണ് കഴിഞ്ഞിരുന്നത്. 2021 അവസാനത്തോടെയാണ് ഷാരൂഖില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയെന്ന് ഏജന്‍സികള്‍ പറയുന്നു.
സിഗരറ്റ് വലിയടക്കമുള്ള ദുശ്ശീലങ്ങളെല്ലാം പ്രതി ഉപേക്ഷിച്ചതായി കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലുണ്ട്. ഡയറിയെഴുത്തും മതപരമായ ദിനചര്യകളും ആരംഭിച്ചത് 2021 അവസാനത്തോടെയാണ്. ഡല്‍ഹിയില്‍ നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭ്യമായത്.
11 ദിവസമാണ് കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. ശാസ്ത്രീയമായ ചോദ്യം ചെയ്യലാണ് അന്വേഷണ സംഘം നടത്തുന്നത്. ഇതിനായി പ്രത്യേക ചോദ്യാവലിയുൾപ്പെടെ തയ്യാറാക്കിയിരുന്നു. പോലീസ് കസ്റ്റഡിയിൽ തുടരവെ തന്നെ ഷാരൂഖിനെ വീണ്ടും വൈദ്യ പരിശോധനക്ക് വിധേയനാക്കും. തിങ്കളാഴ്ച ആശുപത്രിയിൽ എത്തിക്കണമെന്നാണ് മെഡിക്കൽ ബോർഡ് നിർദേശം. അതേസമയം, ഇയാൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ട്രെയിനിന് തീ വെക്കുമ്പോൾ ഷാറൂഖിൻറെ രണ്ട് കൈകളിലും നേരിയ പൊള്ളൽ ഏറ്റിരുന്നു. ട്രെയിനിൽ നിന്ന് വീണതിനെ തുടർന്ന് പ്രതിയുടെ ശരീരമാസകലം ഉരഞ്ഞ പാടുകളും ഉണ്ട്.