നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു, ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി
മുംബൈ തീരത്ത് അറബിക്കടലിന് സമീപം ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. പതിവ് പട്രോളിംഗിനിടെയാണ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) അപകടത്തിൽപ്പെട്ടത്. നാവികസേനയുടെ പട്രോളിംഗ് കപ്പൽ നടത്തിയ അടിയന്തര രക്ഷാപ്രവർത്തനത്തിൽ മൂന്ന് ക്രൂ അംഗങ്ങളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
രാവിലെയോടെയാണ് സംഭവം. ഹെലികോപ്റ്ററുമായി പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു സേനാംഗങ്ങൾ. ഇതിനിടെയായിരുന്നു അപകടം ഉണ്ടായത്. ദ്രുതഗതിയിൽ രക്ഷാ പ്രവർത്തനം നടത്തിയതിനാലാണ് ക്രൂ അംഗങ്ങളെ രക്ഷിക്കാൻ കഴിഞ്ഞതെന്ന് നാവിക സേന വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ അരുണാചൽ പ്രദേശിൽ കരസേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ തകർന്ന് അതിൽ ഉണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടിരുന്നു.