ഓരോ ഇന്ത്യക്കാരന് വേണ്ടിയും 52 ലധികം തവണ പാർലമെന്റിൽ സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്; മികച്ച പാർലമെന്റേറിയൻ പുരസ്കാരത്തിന് നന്ദി; രമ്യ ഹരിദാസ് എം.പി
കെഎംസിസി മസ്കറ്റ് കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പാർലമെന്റേറിയൻ പുരസ്കാരത്തിന് നന്ദിയെന്ന് രമ്യ ഹരിദാസ് എം.പി. മസ്കത്ത് കെ.എം.സി.സി ഏർപ്പെടുത്തിയ ഇ.അഹമ്മദ് എക്സലൻസ് അവാർഡ് രമ്യ ഹരിദാസ് എം.പി കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി.വലിയ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഈ അവാർഡ് ഏറ്റുവാങ്ങുന്നതെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു.
ഇന്ത്യൻ പാർലമെന്റിൽ ജനകീയ പ്രശനങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുകയെന്നത് വലിയ ഭാഗ്യമാണെന്ന് രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു. ഓരോ ഇന്ത്യക്കാരന് വേണ്ടിയും കേരളീയനുവേണ്ടിയും ആലത്തൂരിലെ ജനങ്ങൾക്ക് വേണ്ടി പ്രത്യേകിച്ചും 52 ലധികം തവണ വിവിധ വിഷയങ്ങളിൽ പാർലമെന്റിൽ സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ബജറ്റ് ചർച്ചയിലും നയപ്രഖ്യാപന നന്ദിപ്രമേയത്തിലും ഈ നാട് എന്താഗ്രഹിക്കുന്നു എന്നത് അധികാരികളുടെ മുമ്പിൽ കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും രമ്യ ഫേസ്ബുക്കിൽ കുറിച്ചു.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് 200 ൽ അധികം ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ജനകീയ പ്രശ്നങ്ങൾക്ക് ചെവി കൊടുക്കാതിരുന്നപ്പോൾ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം പാർലമെന്റിന് അകത്തും പുറത്തും സമരവും പ്രതിഷേധവുമായി നീങ്ങിയപ്പോൾ പൂർണ്ണ പിന്തുണയോടെ അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും ചാരിതാർത്ഥ്യമുണ്ട്.
ബഹുമാന്യനായിരുന്ന കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദ് സാഹിബിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ മകൻ ശ്രീ.റയീസ് അഹമ്മദ് പ്രസിഡണ്ടായ കെഎംസിസി മസ്കറ്റ് കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പാർലമെന്റേറിയൻ പുരസ്കാരത്തിന് എന്നെ തെരഞ്ഞെടുത്തതിൽ നന്ദി രേഖപ്പെടുത്തുന്നെന്നും രമ്യ ഫേസ്ബുക്കിൽ കുറിച്ചു.