ബ്രഹ്മപുരം തീപിടിത്തം; ഹിറ്റാച്ചികളെയും ഡ്രൈവർമാരെയും അടിയന്തരമായി വേണമെന്ന് ജില്ലാ കളക്ടർ, ഉടൻ ബന്ധപ്പെടണം
ബ്രഹ്മപുരം തീപിടിത്തത്തിൽ കൂടുതൽ ഹിറ്റാച്ചികളുടേയും ഡ്രൈവർമാരുടേയും സേവനം ആവശ്യമുണ്ടെന്ന് കാട്ടി ഫെയ്സ്ബുക്ക് പോസ്റ്റുമായി എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജ്. സേവന സന്നദ്ധർ കളക്ടറേറ്റിൽ ബന്ധപ്പെടണമെന്നാണ് കളക്ടർ അറിയിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് തീയും പുകയും പൂര്‍ണമായി അണയ്ക്കുന്നതിന് ഹിറ്റാച്ചി ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
തീയണയ്ക്കല്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ ഹിറ്റാച്ചികള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്നും കൂടുതല്‍ ഹിറ്റാച്ചികളുടെയും ഡ്രൈവര്‍മാരുടെയും സേവനം ഈ ഘട്ടത്തില്‍ അടിയന്തരമായി ആവശ്യമുണ്ടെന്നും കളക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇവരുടെ സേവനത്തിനുള്ള പ്രതിഫലം ജില്ലാ ഭരണകൂടം നല്‍കുന്നതായിരിക്കും. ഹിറ്റാച്ചിയുള്ളവരും സേവന സന്നദ്ധരായ ഡ്രൈവര്‍മാരും ഉടന്‍ 9061518888, 9961714083, 8848770071 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തിന് പിന്നാലെ കൊച്ചി നഗരത്തിലാകെ പുക വ്യാപിക്കുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. നഗരത്തിലെ മലിനീകരണ പ്രശ്‌നത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനോട് കോടതി ചോദിച്ചു. തീപിടിത്തം മനുഷ്യനിര്‍മിതമാണോ സ്വാഭാവികമായി ഉണ്ടായതാണോ എന്ന് കോടതി ചോദിച്ചു. ഇത് മനുഷ്യനിര്‍മിതമാണോ അതോ ദൈവത്തിന്റെ പ്രവര്‍ത്തിയാണോ എന്നും കോടതി പരിഹസിച്ചു.
തീപിടുത്തം അന്വേഷിക്കാന്‍ ഉന്നതതല സമിതിയ്ക്ക് രൂപം നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി, പിസിബി ചെയര്‍മാന്‍, അഗ്നിരക്ഷാ വിദഗ്ധര്‍ എന്നിവര്‍ സമിതിയിലുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.