കർണാടകയിൽ വെടിവയ്പ്പ്; ശ്രീരാമസേനയുടെ ജില്ലാ പ്രസിഡന്റിനും ഡ്രൈവർക്കും വെടിയേറ്റു
തീവ്ര ഹിന്ദു സംഘടനയായ ശ്രീറാംസേനയുടെ ജില്ല പ്രസിഡന്റിൻ്റെ വാഹനത്തിന് നേരെ വെടിവയ്പ്പ്. കർണാടകയിലെ ബെലഗാവിയിൽ ഹിൻഡാൽഗ ഗ്രാമത്തിലാണ് സംഭവം. ശ്രീരാമസേനയുടെ ബെലഗാവി അധ്യക്ഷൻ രവി കൊക്കിട്ടേക്കയ്ക്കും ഡ്രൈവർക്കും പരുക്കേറ്റു. ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹിന്ദാല്‍ഗയിലേക്ക് പോവുന്നതിനിടയില്‍ മറാത്തി സ്കൂളിന് സമീപത്തെ സ്പീഡ് ബ്രേക്കറിനടുത്ത് വച്ച് കാറിന്‍റെ വേഗത കുറച്ചതിന് പിന്നാലെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിര്‍ത്തത്. രവിയുടെ തോളിലും ഡ്രൈവറുടെ കയ്യിലുമാണ് വെടിയേറ്റത്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
`വിരാട് ഹിന്ദു സമാവേശ്’ എന്ന പേരിൽ തീവ്രഹിന്ദുസംഘടനകളുടെ സമ്മേളനം നടക്കാനിരിക്കെയാണ് ആക്രമണം നടന്നത്. ബെലഗാവി റൂറൽ സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ബെലഗാവിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.