മുതിർന്ന ബിജെപി നേതാവ് കേസരി നാഥ് ത്രിപാഠി അന്തരിച്ചു
മുതിർന്ന ബിജെപി നേതാവും മുൻ ബംഗാൾ ഗവർണറുമായ കേസരി നാഥ് ത്രിപാഠി അന്തരിച്ചു. 88 വയസ്സായിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഞായറാഴ്ച പുലർച്ചെ അഞ്ച് മണിക്കായിരുന്നു അന്ത്യം. ദിവസങ്ങൾക്ക് മുമ്പ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഉത്തർപ്രദേശിലെ മുൻ നിയമസഭാ സ്പീക്കർ കൂടിയായ ഇദ്ദേഹത്തെ ഡിസംബറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൈയ്ക്ക് പൊട്ടലും ശ്വാസ തടസ്സവുമൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഒരാഴ്ച്ചയിലേറെയായുള്ള ആശുപത്രി ചികിത്സയ്ക്ക് ശേഷം ത്രിപാഠിയെ വീട്ടിലെത്തിച്ചു. ഞായറാഴ്ച പുലർച്ചയോടെ അന്ത്യം സംഭവിച്ചു.
കേസരി നാഥ് ത്രിപാഠിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ബിജെപിയുടെ നേതാക്കളെല്ലാം അനുശോചനം രേഖപ്പെടുത്തി. 1934 നവംബർ 10 ന് അലഹബാദിൽ ജനിച്ച കേസരി നാഥ് ത്രിപാഠി ബീഹാർ, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായി ചുമതല വഹിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ഭാരതീയ ജനതാ പാർട്ടിയുടെ അധ്യക്ഷൻ കൂടിയായിരുന്നു അദ്ദേഹം.