Thursday, January 2, 2025
National

ഡബിൾ എന്‍ജിനായി കെജ്രിവാൾ; ലക്ഷ്യം 2024ല്‍ ബിജെപിക്ക് വെല്ലുവിളി, ദില്ലിയിൽ കോൺഗ്രസ് പരമദയനീയം

ദില്ലി: ദില്ലിയില്‍ ഭരണം നിലനിര്‍ത്തുകയും പഞ്ചാബില്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ ദില്ലി മുനിസിപ്പൽ കോർപ്പറേഷനില്‍ 15 വര്‍ഷമായി ബിജെപി തുടരുന്ന അപ്രമാദിത്തം അവസാനിപ്പിച്ച് ആം ആദ്മി പാര്‍ട്ടി കരുത്ത് വര്‍ധിപ്പിക്കുന്നു. കേന്ദ്രസർക്കാരിൻറെ നീക്കങ്ങളെ ശക്തമായി ചെറുത്താണ് അരവിന്ദ് കെജ്രിവാളിൻറെ ഈ മിന്നും വിജയം. രാജ്യമാകെ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ് ഫലമായിരുന്നു ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷനിലേത്.

ആംആദ്മി പാർട്ടി രൂപീകരിച്ച് രണ്ടാം കൊല്ലമാണ് ദില്ലി നിയമസഭയുടെ അധികാരം അരവിന്ദ് കെജ്രിവാൾ നേടിയത്. പത്തു കൊല്ലത്തിനു ശേഷം എംസിഡി കൂടി നേടി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അധികാരം ഏതാണ്ട് കൈക്കലാക്കുകയാണ് എഎപി. നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്ന ദില്ലിയിലെ ഈ വിജയം അരവിന്ദ് കെജ്രിവാളിൻറെ ഭാവി പദ്ധതികൾക്ക് ഊർജ്ജം നല്കും. കെജ്രിവാളിൻറെ ഈ വിജയം ബിജെപി മുൻകൂട്ടി കണ്ടിരുന്നു. അതുകൊണ്ടാണ് എംസിഡി ഉദ്യോഗസ്ഥരുടെ നിയന്ത്രണം കേന്ദ്രസർക്കാരിനു കീഴിലാക്കിയത്.

കേന്ദ്രസർക്കാരുമായി നിരന്തരം ഏറ്റുമുട്ടിയാണ് എഎപി ഈ വിജയം നേടുന്നതെന്നും ശ്രദ്ധേയം. മന്ത്രി സത്യേന്ദർ ജയിൻ സാമ്പത്തിക ക്രമക്കേട് കേസിൽ ജയിലിലാണ്. സത്യേന്ദർ ജയിനിൻറെ ജയിൽ ദൃശ്യങ്ങൾ പ്രചാരണത്തിൽ ബിജെപി ആയുധമാക്കി. മദ്യനയ കേസിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ബിജെപിക്കായി. മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായുണ്ടായ പ്രതിസന്ധികളെയൊക്കെ അതിജീവിച്ചാണ് എഎപിയുടെ മിന്നും ജയം.

ഗുജറാത്തിൽ അക്കൗണ്ട് തുറക്കാൻ കൂടി കഴിഞ്ഞാൽ കെജ്രിവാളിന് 2024 ലക്ഷ്യമാക്കി നീങ്ങാം. നാളെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം. ദില്ലിയില്‍ തകർന്നടിയാതെ പിടിച്ചു നില്‍ക്കാനായി എന്നതാണ് ബിജെപിക്ക് ആശ്വാസം. ദില്ലിയിൽ ഒരു മുഖം ഇല്ലാത്തതും തലസ്ഥാനത്തെ സംഘടന വിഷയങ്ങളും എംസിഡി ഭരണത്തിനെതിരായ വികാരവും തോല്‍വിക്ക് കാരണമായി. എന്നാൽ മധ്യവർഗം തിങ്ങിപാർക്കുന്ന സ്ഥലങ്ങളിലും തിരിച്ചടിയേറ്റത് ബിജെപി കേന്ദ്രനേതാക്കൾക്കും സന്ദേശമാണ്. വിലക്കയറ്റവും സൗജന്യങ്ങൾക്കെതിരായ നിലപാടും പാവപ്പെട്ടവരും തൊഴിലാളികളും ബിജെപിക്കെതിരെ തിരിയാൻ കാരണമായി. ഒരുകാലത്ത് ദില്ലി അടക്കിവാണ കോണ്‍ഗ്രസിന്‍റെ കാര്യം പരമദയനീയമാണ്. ചില പോക്കറ്റുകളിൽ ഒഴികെ തകർന്നടിയുകയാണ്. ഒമ്പത് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. തദ്ദേശഭരണ സ്ഥാപനത്തിലേക്കുള്ള മത്സരമാണെങ്കിലും ദേശീയ രാഷ്ട്രീയത്തിനു കൂടി ചില സൂചനകൾ നല്കുന്നതാണ് ദില്ലിയിലെ ഈ ഫലം.

Leave a Reply

Your email address will not be published. Required fields are marked *