ഡൽഹിയിൽ ആം ആദ്മി പാർട്ടി കേവല ഭൂരിപക്ഷത്തിലേക്ക് ; ബിജെപിക്ക് തിരിച്ചടി
ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കേവല ഭൂരിപക്ഷത്തിലേക്ക്. ആംആദ്മി പാർട്ടി നിലവിൽ 123 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി 121 സീറ്റുകളിലും കോൺഗ്രസ് 5 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നുണ്ട്.
250 വാർഡുകളാണ് ഡൽഹി മുനിസിപ്പൽ കോർപറേഷനിലുള്ളത്. 126 വാർഡുകളിലെ വിജയം കേവലഭൂരിപക്ഷത്തിന് വേണം. കോൺഗ്രസിന്റെ 147 സ്ഥാനാർത്ഥികളും ബി.ജെ.പിയുടേയും ആം ആദ്മി പാർട്ടിയുടേയും 250 സ്ഥാനാർഥികളും വീതമാണ് ഇത്തവണ ജനവിധി തേടിയത്. എക്‌സിറ്റ് പോൾ പ്രവചനങ്ങളെ തള്ളുന്ന ബി.ജെ.പി 15 വർഷമായി തുടരുന്ന ഭരണം നാലാം തവണയും നിലനിർത്താം എന്ന പ്രതീക്ഷ ഇപ്പോഴും കൈവിട്ടിട്ടില്ല.
ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ എ.എ.പിയ്ക്ക് വൻവിജയ സാധ്യത പ്രവചിച്ച വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് പുറത്ത് വരുന്ന ഫലം.
2017ൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി 181 സീറ്റുകൾ നേടിയിരുന്നു. ആം ആദ്മി പാർട്ടി 28 സീറ്റുകളും കോൺഗ്രസ് 30 സീറ്റുകളുമായിരുന്നു അന്ന് നേടിയത്. പോൾ ചെയ്യപ്പെട്ടതിന്റെ 36.1 ശതമാനം വോട്ടുകൾ ബി.ജെ.പിയും ആം ആദ്മി പാർട്ടി 26.2 ശതമാനവും കോൺഗ്രസ് 21.1 ശതമാനം വോട്ടും നേടിയിരുന്നു