ഗുജറാത്തിൽ നിന്ന് പിന്മാറിയാൽ മന്ത്രിമാരെ വെറുതേവിടാം’; ബിജെപി വാഗ്ദാനം വെളിപ്പെടുത്തി അരവിന്ദ് കെജ്രിവാൾ
ബിജെപിക്കെതിരെ വെളിപ്പെടുത്തലുമായി ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നിന്ന് പാർട്ടി പിന്മാറിയാൽ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവർക്കെതിരെ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാമെന്ന് വാഗ്ദാനം. ഇത് ബി.ജെ.പിയുടെ ഭയമാണ് കാണിക്കുന്നതെന്നും ഡൽഹി മുഖ്യമന്ത്രി അവകാശപ്പെട്ടു. എൻ.ഡി.ടി.വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
‘ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പും ഗുജറാത്ത് തെരഞ്ഞെടുപ്പും ഒരേസമയം സംഘടിപ്പിക്കുന്നതിൽ ഞങ്ങൾക്ക് പേടിയില്ല. രണ്ടിടത്തും ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കിൽ ബിജെപി ഇങ്ങനെയൊരു കാര്യത്തിന് വാശിപിടിക്കുമായിരുന്നില്ല. ഗുജറാത്തിലും ഡൽഹി എംസിഡി തെരഞ്ഞെടുപ്പിലും തോൽക്കുമെന്ന് ബിജെപി ഭയക്കുന്നു എന്നതാണ് വസ്തുത. അതിനാൽ രണ്ട് തെരഞ്ഞെടുപ്പുകളും ഒരേസമയം നടക്കുമെന്ന് അവർ ഉറപ്പുവരുത്തി.’ – എൻ.ഡി.ടി.വിയുടെ ടൗൺഹാളിൽ കെജ്രിവാൾ പറഞ്ഞു.
‘എഎപി വിട്ട് ഡൽഹി മുഖ്യമന്ത്രിയാകാനുള്ള ബിജെപി വാഗ്ദാനം മനീഷ് സിസോദിയ നിരസിച്ചതിന് പിന്നാലെ അവർ ഇപ്പോൾ എന്നെ സമീപിച്ചു… നിങ്ങൾ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയാൽ സത്യേന്ദർ ജെയിനിനെയും സിസോദിയയെയും വെറുതേവിടാം, അവർക്കെതിരായ എല്ലാ കുറ്റങ്ങളും ഒഴിവാക്കുമെന്നും അവർ വാഗ്ദാനം ചെയ്തു.’ – കെജ്രിവാൾ കൂട്ടിച്ചേർത്തു. ആരാണ് ഓഫർ നൽകിയതെന്ന ചോദ്യത്തിന്, ‘എനിക്ക് എങ്ങനെ എന്റെ സ്വന്തം ഒരാളുടെ പേര് നൽകാനാവും… അവർ വഴിയാണ് ഓഫർ വന്നത്… നോക്കൂ, അവർ (ബിജെപി) ഒരിക്കലും നേരിട്ട് സമീപിക്കാറില്ല.’ എന്നായിരുന്നു മറുപടി.