Sunday, April 13, 2025
Kerala

മെസിക്കും നെയ്മറിനും പിന്നാലെ റൊണാള്‍ഡോയും ചെറുപുഴ തീരത്ത്; കട്ടൗട്ടുക്കൾ നീക്കം ചെയ്യില്ലെന്ന് കൊടുവള്ളി നഗരസഭ

വിവാദങ്ങള്‍ക്കിടെ കോഴിക്കോട് പുള്ളാവൂരില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ന്നു. പ്രദേശത്തെ പോര്‍ച്ചുഗല്‍ ആരാധകരാണ് മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടിന് പിന്നാലെ റൊണാള്‍ഡോയുടെ 50 അടിയോളം പൊക്കത്തിലാണ് കട്ടൗട്ട് ഉയര്‍ത്തിയത്. 

മെസി, നെയ്മർ കട്ടൗട്ടുകൾക്കു നടുവിലാണ് അവരെക്കാൾ തലപ്പൊക്കത്തിൽ ‘സിആർ7’ ഉയർന്നുനിൽക്കുന്നത്. പുള്ളാവൂരിലെ അര്‍ജന്റീന,ബ്രസീല്‍ ആരാധകരും റൊണാള്‍ഡോ കട്ടൗട്ട് സ്ഥാപിക്കാന്‍ പോര്‍ച്ചുഗല്‍ ആരാധകര്‍ക്ക് ഒപ്പം ചേര്‍ന്നു. 50 അടിയോളം പൊക്കത്തിലാണ് ക്രിസ്റ്റ്യാനോയുടെ കട്ടൗട്ട് ഉയർത്തിയിരിക്കുന്നത്. മെസിയുടേത് 30 അടിയും നെയ്മറിന്റേത് 40 അടിയുമായിരുന്നു.

പുഴയില്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ആരാധകര്‍ ഒറ്റക്കെട്ടായത്. കാല്‍പന്ത് കളിയുടെ തൃമൂര്‍ത്തികളെ ഒരുമിച്ച് കാണാനായി കനത്ത മഴയെ അവഗണിച്ചും കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേരാണ് എത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കട്ടൗട്ടുകള്‍ നീക്കം ചെയ്യേണ്ടതില്ലെന്നാണ് പുള്ളാവൂരിലെ ഫുട്ബോള്‍ പ്രേമികളുടെ തീരുമാനം.

അതിനിടെ, പുള്ളാവൂർ പുഴ തങ്ങളുടെ പരിധിയിലാണെന്ന് അവകാശപ്പെട്ട് കൊടുവള്ളി നഗരസഭാ രംഗത്തെത്തിയിട്ടുണ്ട്. ഫുട്‌ബോൾ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുക്കൾ നീക്കം ചെയ്യില്ലെന്നും പരാതി ലഭിച്ചാലും നടപടിയുണ്ടാകില്ലെന്നും നഗരസഭ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, അഭിഭാഷകൻ ശ്രീജിത്ത് പെരുമനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കട്ടൗട്ടുകൾ നീക്കംചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി നിർദേശിച്ചതായി വാർത്തകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *