ഇലവീഴാപൂഞ്ചിറയിലേക്ക് മികച്ച നിലവാരത്തിലുള്ള റോഡ് നിർമ്മാണം പൂർത്തിയാകുന്നു
കോട്ടയം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ മേലുകാവ് ഇലവീഴാപൂഞ്ചിറയിലേക്ക് മികച്ച നിലവാരത്തിലുള്ള റോഡ് നിർമ്മാണം പൂർത്തിയാകുന്നു. അഞ്ചര കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ നിർമ്മാണം പകുതിയിലധികം പൂർത്തിയായി കഴിഞ്ഞു. ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽകല്ലും ഉൾപ്പെടുന്ന ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇതോടെ സഞ്ചാരികളുടെ യാത്ര സുഗമമാകും.
11 കോടി 12 ലക്ഷം രൂപ ഉപയോഗിച്ചാണ് അഞ്ചര കിലോമീറ്റർ ദൂരം വരുന്ന മേലുകാവ് ഇലവീഴാപൂഞ്ചിറ റോഡ് നവീകരണ പ്രവർത്തനം നടത്തുന്നത്. ബിഎം ബി സി നിലവാരത്തിലാണ് റോഡ് പൂർത്തിയാകുന്നത്. പ്രധാന സിനിമാ ലൊക്കേഷനായി ഇലവീഴാപൂഞ്ചിറയെയും ഇല്ലിക്കൽ കല്ലിനെയും മാറ്റുമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ വ്യക്തമാക്കി.
റോഡ് നിർമ്മാണത്തോടൊപ്പം ഓട നിർമ്മാണവും ഇതോടൊപ്പം നടക്കുന്നുണ്ട്. മാർച്ച് 31 വരെ നിർമ്മാണ പൂർത്തീകരണത്തിന് സമയമുണ്ടെങ്കിലും അതിനു മുൻപ് തന്നെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.