കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും; ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി
ലഖ്‌നൗ: യുപിയിൽ കോൺഗ്രസിന് അധികാരം നേടാൻ സാധിച്ചാൽ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി, വന്യജീവികളുടെ ആക്രമണത്തില്‍ വിള നഷ്‌ടപ്പെട്ടവര്‍ക്ക് നഷ്‌ടപരിഹാരം, യുവാക്കള്‍ക്ക് ജോലി, സ്‍ത്രീ സുരക്ഷ തുടങ്ങിയവയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങളെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.
യോഗി സര്‍ക്കാര്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിച്ചില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ സ്വാധീനം വർധിപ്പിച്ച് അധികാരം നേടാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി പ്രതിജ്‌ഞാ യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ സംസ്‌ഥാനത്തെ സമകാലിക രാഷ്‌ട്രീയ സമവാക്യങ്ങളും ജാതി സമവാക്യങ്ങളും വിശകലശനം ചെയ്‌ത് മിഷന്‍ അപ് 2022നും രൂപീകരിച്ചിട്ടുണ്ട്. സ്‌ഥാനാർഥി തിരഞ്ഞെടുപ്പ് ഉൾപ്പടെ ഉള്ളവ ഈ മിഷന്റെ ഭാഗമായിരിക്കും.
തിരഞ്ഞെടുപ്പിനെ നേരിടാന്‍ പൂര്‍ണ സജ്‌ജമാണെന്ന് ഉത്തർപ്രദേശ് പാര്‍ട്ടി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പ്രതികരിച്ചു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. 403 അംഗ നിയമസഭയില്‍ ഏഴ് സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്.