Saturday, April 12, 2025
National

സൈറസ് മിസ്ത്രിയുടെ തലയ്ക്കും നെഞ്ചിനും ആന്തരികാവയവങ്ങൾക്കും ഗുരുതര പരുക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

വാഹനാപകടത്തിൽ സൈറസ് മിസ്ത്രിയുടെ തലയ്ക്കും നെഞ്ചിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരുക്കേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക രക്തസ്രാവമാണ് മരണത്തിന് വഴിവച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തൽക്ഷണം മരണത്തിന് ഇടയാക്കുന്ന തരത്തിലുള്ള പരുക്കുകളാണ് സൈറസ് മിസ്ത്രിയുടെയും ജഹാംഗീർ പണ്ടോലയുടെയും തലയ്ക്കും, നെഞ്ചിനും ഉണ്ടായത് എന്നും ഡോക്ടർമാർ വ്യക്തമാക്കി.

100 കിലോമീറ്റർ വേഗതയിൽ നിന്നും നിശ്ചലമായത് കൊണ്ടാണ് കടുത്ത ആഘാതം ഉണ്ടായത് എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഇരുവരുടെയും വിസ്ര സാമ്പിളുകൾ പരിശോധനക്കായി അയച്ചു. സാമ്പിളുകൾ ഡിഎൻഎ പരിശോധനക്കും അയക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടം നടന്ന സ്ഥലത്തെ ഫോറൻസിക് പരിശോധനയും, അപകടത്തിന്റ ഡമ്മി പരിശോധനയും നടത്തുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് മെഴ്‌സിഡസ് ബെൻസ് കമ്പനി അറിയിച്ചു.

ഈ മാസം നാലിനാണ് ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചത്. മുംബൈ- അഹമ്മദാബാദ് ഹൈവേയിലാണ് വാഹനാപകടമുണ്ടായത്. നാലിന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.

പാൽഗഡിലെ സൂര്യ നദിക്ക് മുകളിലൂടെയുള്ള പാലം കടക്കവേയാണ് മിസ്ത്രിയുടെ വാഹനം അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്കുൾപ്പെടെ ഗുരുതരമായി പരുക്കേറ്റു. മിസ്ത്രി സഞ്ചരിച്ചിരുന്ന മേഴ്‌സിഡസ് വാഹനം പൂർണമായും തകർന്നു.

ടാറ്റ സൺസിന്റെ ആറാമത്തെ ചെയർമാനായിരുന്ന മിസ്ത്രിയെ 2016 ഒക്ടോബറിൽ തൽസ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. രത്തൻ ടാറ്റ വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് അദ്ദേഹം ടാറ്റ സൺസിന്റെ ചെയർമാനാകുന്നത്. സൈറസ് മിസ്ത്രിക്ക് ശേഷം എൻ ചന്ദ്രശേഖരനാണ് ടാറ്റ സൺസിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനായി ചുമതലയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *