സൊനാലി ഫോഗട്ടിൻ്റെ ശരീരത്തിൽ മുറിവേറ്റിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; രണ്ട് സഹായികൾ അറസ്റ്റിൽ
ഹരിയാന ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണത്തിൽ രണ്ട് പേർ അറസ്റ്റിൽ. സൊനാലിയുടെ രണ്ട് സഹായികളാണ് അറസ്റ്റിലായത്. പോസ്റ്റ്മാർട്ടത്തിൽ സൊനാലിയുടെ ശരീരത്തിൽ മൂർച്ചയുള്ള എന്തോകൊണ്ട് മുറിവുകളേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് സൊനാലിയുടെ സഹായികളെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തത്.
സൊനാലിക്കൊപ്പം ഓഗസ്റ്റ് 22ന് ഗോവയിലെത്തിയ പേഴ്സണൽ അസിസ്റ്റന്റ് സുധീർ സാങ്‌വാൻ, സുഹൃത്ത് സുഖ്‌വിന്ദർ വാസി എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരേ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മരണത്തിൽ എന്തോ ദുരൂഹതയുണ്ടെന്ന് തനിക്ക് തോന്നിയതായി സഹോദരൻ റിങ്കു ഢാക്ക ആരോപിച്ചിരുന്നു.
സൊനാലി ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചതെന്ന് വിശ്വസിക്കാനാകില്ലെന്നും മരണത്തിന് പിന്നിൽ മറ്റെന്തോ കാരണമുണ്ടെന്നുമായിരുന്നു കുടുംബത്തിന്റെ വാദം. മരണത്തിൻ തൊട്ടു മുൻപുള്ള ദിവസം വൈകുന്നേരം സഹോദരിയെ സൊനാലി ഫോണിൽ വിളിച്ചിരുന്നു. ‘എനിക്കൊരു കാര്യം പറയാനുണ്ട്. ഇവിടെ സംശയാസ്പദമായ ഒരു കാര്യം നടക്കുന്നുണ്ട്. ഞാൻ വാട്സപ്പിൽ പറയാം’- ഇത്രയും പറഞ്ഞ് ഫോൺ വച്ച സൊനാലി പിന്നീട് വിളിച്ചിട്ടില്ല.
ഗോവയിൽ ഒരു സംഘം ആളുകളോടൊപ്പം പോയതായിരുന്നു 42 കാരിയായ സൊനാലി ഫോഗട്ട്. എന്നാൽ ഇടയ്ക്ക് വച്ച് ഹൃദയാഘാതം സംഭവിച്ചുവെന്നും ആശുപത്രിയിൽ പ്രവേശിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നുമാണ് പൊലീസ് പറഞ്ഞത്. പക്ഷേ ഈ മൊഴി വിശ്വാസത്തിലെടുക്കാനാവുന്നില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.
2006 മുൽ ടെലിവിഷൻ അവതാരകയായിരുന്ന സൊനാലി 2016 ൽ ടി.വി ഷോയും 2019 ൽ വെബ് സീരീസും ചെയ്തിട്ടുണ്ട്. 2008 മുതൽ ബിജെപിയിൽ അംഗമാണ്.