ഉത്രാടദിനമായ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇത്തവണ മഴജാഗ്രതയിൽ ഓണക്കാലം
സംസ്ഥാനത്ത് ഇത്തവണ മഴജാഗ്രതയിൽ ഓണക്കാലം. ഉത്രാടദിനമായ ഇന്ന് അതിതീവ്ര മഴയ്ക്കാണ് സാധ്യത. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണുള്ളത്. തിരുവോണദിനമായ നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ചും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തമാകും.
കോമറിൻ മേഖലയിലെ ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം. ഒപ്പം ബംഗാൾ ഉൾക്കടലിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രതവേണമെന്നാണ് അറിയിപ്പ്.
വൈദ്യുതി വകുപ്പിൻറെ ഒൻപത് ജില്ലകളിൽ റെഡ് അലേർട്ട് തുടരുന്നു. കടലിൽ കാറ്റിനും മോശം കാലവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൂന്ന് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.