Thursday, January 9, 2025
National

പൊലീസിന്റെ പിടിയിലായ ഓട്ടോ ഡ്രൈവര്‍ ബംഗ്ലാദേശ് പൗരനെന്ന് സ്ഥിരീകരണം; നിരോധിത ആപ് ഉപയോഗിച്ചത് കണ്ടെത്തി

മുംബൈ: മുംബൈയിലെ ബാന്ദ്രയില്‍ പൊലീസിന്റെ പിടിയിലായ ഓട്ടോ ഡ്രൈവര്‍ ബംഗ്ലാദേശ് പൗരനാണെന്ന് കണ്ടെത്തി. നിരോധിത മൊബൈല്‍ ആപ്ലിക്കേഷനായ ‘ഐഎംഒ – ഇന്‍ മൈ ഓപ്പീനിയന്‍’ ഉപയോഗമാണ് ഇയാളെക്കുറിച്ച് പൊലീസിന് സംശയം തോന്നാല്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബംഗ്ലാദേശിലുള്ള ബന്ധുക്കളെയും കുടുംബാംഗങ്ങളെയും ബന്ധപ്പെടാനാണ് ഇയാള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചിരുന്നത്.

40 വയസുകാരനായ ബാബു ഹുസൈന്‍ ശൈഖ് എന്നയാളാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറായിരുന്ന ബാബു, ബാന്ദ്ര വെസ്റ്റില്‍ തന്റെ അമ്മയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് കഴിഞ്ഞുവന്നിരുന്നത്. ഏതാനും വര്‍ഷമായി മുംബൈയില്‍ ഓട്ടോറിക്ഷ ഓടിക്കുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളും ഭാര്യയും അമ്മയും മൂന്ന് മക്കളും കൊല്‍ക്കത്ത അതിര്‍ത്തി വഴി അനധികൃതമായി ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയില്‍ കുടിയേറിയതാണെന്ന് കണ്ടെത്തി. കഴിഞ്ഞ മാസം ഇയാളുടെ കുടുംബാംഗങ്ങള്‍ ഇതേ വഴിയിലൂടെ തന്നെ ബംഗ്ലാദേശിലേക്ക് തിരികെ പോവുകയും ചെയ്തത്രെ.

ബാബു ആരുടെ ഓട്ടോറിക്ഷയാണ് ഓടിക്കുന്നതെന്നും ഇയാള്‍ക്ക് എങ്ങനെ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചുവെന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്. ബംഗ്ലാദേശില്‍ നിന്ന് കൊല്‍ക്കത്ത വഴി അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച് ഇവിടെ താമസിച്ചു വരികയായിരുന്ന രണ്ട് യുവതികളെ ജൂണ്‍ മാസത്തിലും മുബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *