ജീപ്പിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലം പുനലൂരിൽ ജീപ്പിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ചേമ്പ് മാവേലി സ്റ്റോറിന് സമീപം താമസിക്കുന്ന ഷാജഹാൻ (50) ആണ് മരിച്ചത്. പുനലൂർ അടുക്കള മൂല വെഞ്ചേമ്പ് പാതയിൽ വട്ടമൺ റബ്ബർ തോട്ടത്തിലാണ് സംഭവം.
രാവിലെ പത്തുമണിയോടെയാണ് ഷാജഹാന്റെ മൃതദേഹം ജീപ്പിനുള്ളിൽ കണ്ടത്. വട്ടമൺ റബ്ബർ തോട്ടത്തിലൂടെ പോയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ജീപ്പ് ടെലഫോൺ പോസ്റ്റിൽ ഇടിച്ചു നിൽക്കുന്ന നിലയിലായിരുന്നു. വാഹനം ഓടിക്കൊണ്ടിരുന്നപ്പോൾ ഹൃദയാഘാതം ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. മരണത്തിൽ അസ്വാഭാവിക ലക്ഷണങ്ങൾ ഒന്നുമില്ലെന്ന് പുനലൂർ പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ.